ഷാർജ: ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ ജനുവരി 10 മുതൽ 18 വരെ നടന്ന ‘ന്യൂഡൽഹി ലോക പുസ്തകമേള 2026’ൽ പങ്കെടുത്ത് ഷാർജ ബുക്ക് അതോറിറ്റി(എസ്.ബി.എ). ആഗോള സാംസ്കാരിക രംഗത്ത് ഷാർജയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ഇന്ത്യൻ പ്രസാധനവിപണിയുമായി സഹകരണ അവസരങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മേളയിൽ സാന്നിധ്യമറിയിച്ചത്.
ഇന്ത്യൻ പ്രസാധകരുമായും സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മേളയോടനുബന്ധിച്ച് എസ്.ബി.എ ചർച്ചകൾ നടത്തി. അന്താരാഷ്ട്ര പുസ്തകമേളകൾ ഷാർജക്ക് വെറും പ്രദർശന വേദികളല്ലെന്നും ദീർഘകാല വിജ്ഞാന പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്ന സന്ദർഭങ്ങളാണെന്നും എസ്.ബി.എ സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായി സാംസ്കാരിക സഹകരണം വർധിപ്പിക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ന്യൂഡൽഹിയിലെ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മേളയിൽ ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ, ബുക്സെല്ലേഴ്സ് കോൺഫറൻസ്, എൻ.വൈ.യു പബ്ലിഷിങ് എക്സിക്യൂട്ടീവ് പ്രോഗ്രാം തുടങ്ങിയ അതോറിറ്റിയുടെ പ്രധാന പദ്ധതികൾ അവതരിപ്പിച്ചു. ലോകത്തെ മുൻനിര പ്രസാധന വേദികളിലൊന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും അതോടൊപ്പം നടക്കുന്ന പ്രഫഷനൽ സമ്മേളനങ്ങളും പരിചയപ്പെടുത്തി.
അതോടൊപ്പം ഷാർജ പബ്ലിഷിങ് സിറ്റി (എസ്.പി.സി) ഫ്രീ സോൺ നൽകുന്ന ബിസിനസ്, നിക്ഷേപ അവസരങ്ങളും ഇന്ത്യൻ പ്രസാധകർക്ക് പരിചയപ്പെടുത്തിയതിനൊപ്പം പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ബുക്ക് ട്രസ്റ്റും ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.