ഷാര്‍ജ ബീച്ചുകള്‍ ആധുനിക വിനോദസഞ്ചാര മേഖലയിലേക്ക്

ഷാര്‍ജ: ഷാര്‍ജയിലെ അഞ്ച് ബീച്ചുകള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്‍ദേശിച്ചു. നടപാതകള്‍, സൈക്കിള്‍ പാതകള്‍, ഇരിപ്പിടങ്ങള്‍, കഫേ, പുല്‍മേടുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ ഒരുക്കിയാണ് കടലോരം ചന്തം കൂട്ടുന്നത്. വിനോദ സഞ്ചാരമേഖലയില്‍ പുതിയ ഉണർവുകള്‍ തീര്‍ക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ഷാര്‍ജ ലേഡീസ് ക്ലബ് മുതല്‍ അജ്മാന്‍ അതിര്‍ത്തി വരെ  3.3 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ട വികസനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാര്‍ഥനാ മുറികള്‍. ഭക്ഷണ ശാലകള്‍,ജലകേളി തുടങ്ങിയ ഉല്ലാസങ്ങള്‍ക്ക് പുറമെ, സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ നിറുത്തുവാനായി 1100 പാര്‍ക്കിങ് കേന്ദ്രങ്ങളും ഒരുക്കും. ഷാര്‍ജ നഗര ആസൂത്രണ വിഭാഗമാണ് നേതൃത്വം നല്‍കുന്നത്. ഷാര്‍ജയുടെ കടലോര ഭംഗി വര്‍ധിപ്പിച്ച് പ്രദേശ വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആസൂത്രണ വിഭാഗം ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി പറഞ്ഞു.

പദ്ധതിയുടെ ലക്ഷ്യം വേഗത്തിലാക്കാന്‍ ഇതര സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിക്കും. അല്‍ ഫിഷ്ത്ത് കടലോര മേഖലയിലാണ് വികസനം വരുന്നത്. ഇതിനു മുന്നോടിയായ അല്‍ മുന്‍തസിര്‍ റോഡിലൂടെ  ഗതാഗതം അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. നാല് മാസത്തോളമാണ് ഗതാഗത നിയന്ത്രണം. ഈ മേഖലയിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്കായിരിക്കും മറ്റ് ബീച്ചുകളുടെ  സൗന്ദര്യം കൂട്ടല്‍ ആരംഭിക്കുക. അജ്മാന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി ദുബൈ മംസാര്‍ ബീച്ച് വരെ നീളുന്ന 30 കിലോമീറ്റര്‍ വരുന്ന സൈക്കിള്‍ പാതയും ഇതിനൊപ്പം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

Tags:    
News Summary - Sharjah beach to modern tourinst level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.