ദുബൈ: കേരള സന്ദർശനത്തിനിടെ പ്രഖ്യാപിച്ച ഇന്ത്യൻ തടവുകാരുടെ മോചനം ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി മണിക്കൂറുകൾക്കകം യാഥാർഥ്യമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച ആവശ്യം പരിഗണിച്ച് ഗുരുതര ക്രിമിനൽ കുറ്റങ്ങളിലല്ലാതെ ഷാർജ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരായ 149 തടവുകാരെയാണ് മോചിപ്പിച്ചത്.
ഇവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി രണ്ടുകോടി ദിർഹം (35 കോടി രൂപ) ചെലവും ഡോ. ശൈഖ് സുൽത്താൻ വഹിച്ചു. ബാധ്യത തീർക്കാനാവാതെ 15 വർഷം ജയിൽ വാസം അനുഭവിച്ച 68 വയസുള്ള ടാക്സി ഡ്രൈവർ മുഹമ്മദ് മുസ്തഫ ഷൗക്കത്ത് മുതൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന റാഷിദ് സുലൈമാൻ അഷ്റഫ് വരെ വിട്ടയക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ശൈഖ് സുൽത്താെൻറ നിർദേശാനുസരണം ഷാർജ പൊലീസും അനുബന്ധ വകുപ്പുകളും ഉടനടി മോചനത്തിനർഹരായ ആളുകളുടെ പട്ടിക തയാറാക്കി നടപടി ആരംഭിക്കുകയായിരുന്നു. നടപടിയിൽ നന്ദി അറിയിച്ച ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ സൈഫ് അൽ സാരി അൽ ശംസി തടവുകാർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരമൊരുങ്ങുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.