ദുബൈ: ഷാർജ ജയിലുകളിൽ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ മുഹമ്മദ് ആൽ ഖാസിമിയുടെ തിരുവനന്തപുരം പ്രഖ്യാപനം നടപ്പാക്കാൻ പൊലീസ് നടപടികളാരംഭിച്ചു. തീരുമാനത്തിൽ നന്ദി അറിയിച്ച ഷാർജ പൊലീസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സൈൽ സാരി അൽ ശംസി, വിട്ടയക്കേണ്ടവരുടെ പട്ടിക തയാറാക്കിയെന്ന് വ്യക്തമാക്കി.
രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള സമൂഹത്തിെൻറ ജീവിതം സന്തുഷ്ടവും സുരക്ഷിതവുമാക്കാൻ യു.എ.ഇയിലെ ഭരണാധികാരികൾ പുലർത്തുന്ന താൽപര്യത്തിെൻറ പ്രതിഫലനമാണ് തീരുമാനം. യു.എ.ഇയുടെ സാഹോദര്യവും മറ്റു രാജ്യങ്ങളുമായുള്ള സഹവർത്തിത്വവും ശക്തമാക്കാൻ ഇത് സഹായകമാവുമെന്നും കമാൻഡർ അൽ ശംസി പറഞ്ഞു.
മലയാളികൾക്കു പുറമെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾക്ക് സുൽത്താെൻറ പ്രഖ്യാപനത്തിെൻറ പ്രയോജനം ലഭിക്കും. മലയാളികളുടെ ആഗ്രഹങ്ങൾക്കും ആശകൾക്കും എന്നും നിറംചാർത്തിയ ഷാർജ സുൽത്താൻ കേരള സന്ദർശനം നടത്തുന്നുവെന്നറിഞ്ഞ നാൾ മുതൽ സ്നേഹപൂർണമായ നടപടിക്രമങ്ങൾ കാത്തിരുന്ന യു.എ.ഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ പ്രതീക്ഷക്കുതകുന്നതാണ് തീരുമാനം.
മാപ്പ് ലഭിക്കുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന രീതി തിരുത്തി ഷാർജയിൽതന്നെ ജോലിയിൽ തുടരാൻ അനുമതി നൽകാനുള്ള സുൽത്താെൻറ തീരുമാനം മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ യു.എ.ഇ പാരമ്പര്യത്തിന് കൂടുതൽ തിളക്കം പകരുന്നതാണെന്ന് സാംസ്കാരിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. തീരുമാനത്തിൽ ദൈദ് മലയാളി അസോസിയേഷൻ ഭാരവാഹികളായ മൂസ അഹ്മദ്, ജഗദീശ് കൊച്ചിക്കൽ, സി.എം.സി. അബ്ദുറഹ്മാൻ എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.