സാലിക്’ ചെയർമാൻ മതാർ അൽ തായർ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മാർക്കറ്റ് ഓപ്പണിങ് ബെൽ മുഴക്കുന്നു
'സാലിക്' ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ഓഹരി വില ആദ്യദിനം 21 ശതമാനം ഉയർന്നു
ദുബൈ: ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ആദ്യദിനം തന്നെ 21 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി 'സാലിക്' ഓഹരികൾ. കഴിഞ്ഞ ആഴ്ചയിലെ വിൽപനക്കുശേഷം വ്യാഴാഴ്ചയാണ് കമ്പനി ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തത്. ഒരു ഓഹരിക്ക് 2 ദിർഹം എന്നനിലയിൽ വിൽപന നടത്തിയതിന്റെ മൂല്യം ആദ്യദിന വ്യാപാരത്തിൽ 2.41 വരെ ഉയർന്നു. വ്യാപാരം അവസാനിച്ചപ്പോൾ കമ്പനിയുടെ ഓഹരികൾ ലിസ്റ്റിങ് വിലയേക്കാൾ 11 ശതമാനം ഉയർന്ന് 2.22 ദിർഹമെന്ന നിലയിലാണ്. ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ 'സാലികി'ന്റെ ഓഹരികൾക്ക് പൊതുജനങ്ങളിൽനിന്ന് അഭൂതപൂർവമായ പ്രതികരണം ദൃശ്യമായിരുന്നു.
'സാലിക്' ഷെയറുകൾക്ക് പണമടച്ച് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 20ന് അവസാനിച്ചപ്പോൾ വേണ്ടതിനേക്കാൾ 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തെത്തിയിരുന്നത്. ഒരു ഓഹരിക്ക് രണ്ട് ദിർഹം എന്നനിരക്കിൽ കുറഞ്ഞത് 5002 ദിർഹം മുടക്കി 2501 ഓഹരികൾ വാങ്ങാനാണ് അവസരമൊരുക്കിയിരുന്നത്. സാലിക് ഓഹരിക്ക് ലഭിക്കുന്ന വർധിച്ച ഡിമാൻഡ് കണ്ട് പൊതുവിപണിയിൽ എത്തിച്ച ഷെയറുകൾ ഓഹരി മൂലധനത്തിന്റെ 24.9 ശതമാനമാക്കി ഉയർത്തിയിരുന്നു. നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാറിന്റെ ഉടമസ്ഥതയിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.
സാലിക് ഓഹരിക്ക് ലഭിച്ച മികച്ച പ്രതികരണം കമ്പനിയുടെ ശക്തമായ ബിസിനസ് മോഡലിന്റെ സാക്ഷ്യമാണെന്ന് സാലിക് ചീഫ് എക്സിക്യൂട്ടിവ് ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. ആർ.ടി.എ വിജയകരമായി കൈകാര്യം ചെയ്യുന്ന ബിസിനസിൽ നിക്ഷേപകർക്ക് പങ്കാളിത്തം നേടാനുള്ള മികച്ച അവസരമാണ് ഓഹരി വിൽപനയിലൂടെ ലഭ്യമായത്. നേരത്തേ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ)യുടെ ഷെയറുകൾ സ്വന്തമാക്കാൻ ഐ.പി.ഒ പ്രഖ്യാപിച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് നിക്ഷേപകരിൽനിന്ന് ലഭിച്ചത്. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന്റെ വലുപ്പം ഏകദേശം 3 ട്രില്യൺ ദിർഹമായി വർധിപ്പിക്കുന്നതിന് 10 സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെ വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.