ഷാർജ: അഭയാർഥികളുടെ ഉന്നമനത്തനും ക്ഷേമത്തിനുമായി ഷാർജ ബിഗ് ഹാർട്ട് ഫൗണ്ടേഷനും(ടി.ബി.എച്ച്.എഫ്) ഷാർജ പൊലീസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രാദേശിക, അന്തർദേശീയ തല ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംയുക്തമായി നടത്തുകയാണ് ലക്ഷ്യം. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹമ്മദ് ആൽ സഅരി ആൽ ഷംസി, ടി.ബി.എച്ച്.എഫ് ഡയറക്ടർ മറിയം ആൽ ഹമ്മാദി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ലോകമാകെ ചിതറി കിടക്കുന്ന അഭയാർഥി ക്യാമ്പുകളിലെത്തി അവർക്കാവശ്യമായ സഹായങ്ങൾ എത്തിച്ച് കൊടുത്ത് ലോകശ്രദ്ധ നേടിയ സംഘടനയാണ് ടി.ബി.എച്ച്.എഫ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പത്നിയും അഭയാർഥി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രതിനിധിയുമായ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് ആൽ ഖാസിമിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. വിവിധ പദ്ധതികൾ പ്രചരിപ്പിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതം പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും യു.എ.ഇക്ക് സാധിക്കുന്നു.
അറബ്, ഇസ്ലാമിക് മൂല്യങ്ങൾ പ്രതിബദ്ധതയോടെയും ആവശ്യകതകളോട് ഐക്യദാർഢ്യം പുലർത്തുന്നതിനും വേണ്ടിയാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് ആൽ ഷംസി പറഞ്ഞു. പൗരൻമാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും അഭയാർഥികളുടെ ഉന്നമനത്തിനും മുന്നിട്ടിറങ്ങുന്ന ഷാർജ പൊലീസിന് ടി.ആർ.എഫ്.എഫ് ഡയറക്ടർ മറിയം നന്ദി പറഞ്ഞു. ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അഭയാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചിട്ടുണ്ട്. ആരോഗ്യ പരിരക്ഷ, അടിസ്ഥാന വസ്തുക്കൾ, ഭക്ഷണം, വിദ്യാഭ്യാസം, അതുപോലെതന്നെ അഭയാർഥി കുട്ടികളുടെ പുനരധിവാസം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.