ദുബൈ: കനത്ത മഴയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത ഡ്രൈവർമാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. റോഡിൽ നടന്ന അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
പൊതുജനങ്ങൾക്കും സ്വയവും അപകടം വരുത്തുന്ന രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഡ്രൈവിങ്ങിലൂടെ പൊതു-സ്വകാര്യ മുതലുകൾക്ക് നാശം സംഭവിച്ചാൽ നിയമപരമായ മറ്റ് നടപടികളും നേരിടേണ്ടിവരും. പിടിച്ചെടുത്ത വാഹനങ്ങൾ ഒന്നിലധികം തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഇവർക്കെതിരെ നിയമപരമായ മറ്റ് നടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറാനാണ് ദുബൈ പൊലീസ് തീരുമാനം. അപകടകരമായ ഡ്രൈവിങ്ങിനെതിരെ ദുബൈ പൊലീസ് നിരവധി തവണ മുന്നറിയിപ്പു നൽകിയെങ്കിലും ചിലർ ഇപ്പോഴും ഇത് തുടരുകയാണ്.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതുമൂലം ശബ്ദമലിനീകരണത്തിനും കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.