ഷാർജ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗം
ഷാർജ: പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായി വിവിധ നടപടികൾ പ്രഖ്യാപിച്ച് ഷാർജ പൊലീസ്. ട്രാഫിക്, ഓപറേഷൻസ്, സുരക്ഷ മീഡിയ, കമ്യൂണിറ്റി പ്രൊട്ടക്ഷൻ യൂനിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ ‘നമ്മുടെ ആദ്യ പാഠം സുരക്ഷ’ എന്നപേരിലാണ് പുതിയ കാമ്പയിന് തുടക്കമിടുക. കാമ്പയിനിന്റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ സ്കൂളുകൾക്ക് സമീപമുള്ള റോഡുകളുടെ സ്ഥിതിഗതികളെ കുറിച്ച് ഓപറേഷൻസ് സെന്ററിന്റെ മൊബൈൽ ഓപറേഷൻസ് റൂം തൽസമയ പ്രക്ഷേപണം നടത്തുമെന്ന് ഓപറേഷൻ സെന്റർ ഡയറക്ടർ കേണൽ മുഹമ്മദ് അൽ ശംസി പറഞ്ഞു. വിദ്യാർഥികളുമായി ബന്ധപ്പെട്ട അടിയന്തര കോളുകൾ, സ്കൂൾ ബസുകളുടെ നിരീക്ഷണം എന്നിവ കൈകാര്യംചെയ്യുന്ന ‘മഅ്മൻ’ പ്ലാറ്റ്ഫോമുമായി ഈ സംരംഭത്തെ സംയോജിപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കാൻ ഇത് സഹായകമാവും. കൂടാതെ വിവിധ ബോധവത്കരണ വിഡിയോകൾ, ഡിജിറ്റൽ രൂപകൽപനകൾ, സംവേദനാത്മകമായ പരസ്യങ്ങൾ എന്നിവയിലൂടെ ലളിതമായ ഭാഷയിൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും അവബോധ ക്ലാസുകൾ നൽകും. സ്കൂളുകളിലും യാത്രയിലും കുട്ടികളിൽ സുരക്ഷ അവബോധവും ഉത്തരവാദിത്തപരമായ പെരുമാറ്റ രീതിയും വളർത്തുന്നതിനായി പരമ്പരാഗത, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഈ സംരംഭം പ്രവർത്തിക്കും. സ്കൂൾ തുറക്കുന്നതോടെ നിലവിലെ ട്രാഫിക് പട്രോൾ യൂനിറ്റുകളെ പുനർനിയോഗിക്കാൻ തീരുമാനിച്ചതായി ട്രാഫിക് ആൻഡ് പട്രോൾസ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഉമർ അൽ അഖ്റൂബി പറഞ്ഞു. ആകെ 98 പട്രോൾസ് യൂനിറ്റുകളെയാണ് പുനർനിയോഗിക്കുക. ഇതിൽ ഷാർജ സിറ്റിയിൽ 51 യൂനിറ്റുകളുണ്ടാവും. കിഴക്കൻ മേഖലകളിൽ 25ഉം മധ്യ മേഖലയിൽ 22 ഉം യൂനിറ്റുകളായിരിക്കും പ്രവർത്തിക്കുക.
പ്രധാന ഇന്റർസെക്ഷനുകളുടെ സുരക്ഷയും ഫലപ്രദമായ രീതിയിൽ ഗതാഗത നിയന്ത്രണവും സുഗമമാക്കാൻ ഈ നടപടികൾ ലക്ഷ്യമിടുന്നു.
സ്കൂൾ ബസ് പുറപ്പെടും മുമ്പ് കൃത്യമായ പരിശോധന നടത്തുക, സൂപ്പർവൈസറുടെ സാന്നിധ്യം ബസുകളിൽ ഉറപ്പുവരുത്തുക, പുറപ്പെടും മുമ്പ് ബസിൽ കുട്ടികളില്ലെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങൾ സ്കൂൾ ബസുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.