റാസല്‍ഖൈമ: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലുതും ആഴമേറിയതുമായ പ്രോജക്ട് കാര്‍ഗോ തുറമുഖ വികസന പദ്ധതിയായ റാക് ‘സഖര്‍ 2.0’ന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. ഏകദേശം 367 കോടി ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്ന ഈ വമ്പന്‍ വികസന പദ്ധതിയുടെ ആദ്യഘട്ടം 2028ഓടെ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വൻതോതിലുള്ള ചരക്ക് കൈമാറ്റ കേന്ദ്രങ്ങളിലൊന്നായ സഖര്‍ പോര്‍ട്ടില്‍ വര്‍ഷത്തില്‍ ഏകദേശം 100 മില്യണ്‍ ടണ്‍ ചരക്കാണ് കൈകാര്യം ചെയ്യുന്നത്. 47 ബര്‍ത്തുകളുള്ള തുറമുഖം ഖനനോല്‍പന്നങ്ങള്‍, സിമന്‍റ്, നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവയുടെ കയറ്റുമതിയില്‍ പ്രധാന പങ്കുവഹിക്കുന്നു. സഖര്‍ 2.0 പദ്ധതി പൂര്‍ത്തിയാകുന്നതോടെ വന്‍കിട കപ്പലുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി തുറമുഖത്ത് എത്തിച്ചേരാനാകും.
പുതിയ സഖര്‍ 2.0 പദ്ധതിയില്‍ 12 മുതല്‍ 18 മീറ്റര്‍ വരെ ആഴമുള്ള ഡീപ് വാട്ടര്‍ ബര്‍ത്തുകള്‍ നിര്‍മിക്കും. ഇതോടെ ലോകത്തിലെ വമ്പന്‍ ചരക്കുകപ്പലുകളായ ക്യാപ്സൈസ് വെസലുകള്‍ക്കും ഇവിടേക്ക് പ്രവേശിക്കാം. പെട്രോ കെമിക്കല്‍സ്, ലിക്വിഡ് ബള്‍ക്ക്, ഗ്യാസ് ട്രാന്‍സ്ഷിപ്മെന്റ് എന്നിവക്കായി 24 മീറ്റര്‍ ആഴമുള്ള പ്രത്യേക സൗകര്യങ്ങളും പദ്ധതിയിലുണ്ട്. വര്‍ഷത്തില്‍ 100 മില്യണ്‍ ടണ്‍ ലിക്വിഡ് കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിലൂടെ ലഭിക്കും. വ്യവസായ ഉപകരണങ്ങളും ഹെവി പ്രോജക്ട് കാര്‍ഗോകളും കൈകാര്യം ചെയ്യുന്നതിന് 35.000 മെട്രിക് ടണ്‍ ഹെവി ലിഫ്റ്റ് ശേഷിയുള്ള സൗകര്യങ്ങളും അസംബ്ലിങ്ങിനുതകുന്ന തുറസായ മേഖലകളും നിര്‍മിക്കും. ഫ്രീസോണിനെയും തുറമുഖത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന 50 മീറ്റര്‍ വീതിയുള്ള റോഡ് കോറിഡോറുകളും പദ്ധതിയുടെ ഭാഗമാണ്. ആദ്യ ഘട്ടത്തില്‍ അഞ്ച് മില്യണ്‍ ചതുരശ്ര വിസ്തൃതിയില്‍ ഫ്രീസോണ്‍ വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത് 12-14 മില്യണ്‍ ചതുരശ്ര മീറ്റര്‍ വരെ വിപുലീകരിക്കും.
ഗ്രീന്‍ ഷിപ് റീസൈക്ലിങ് ഉള്‍പ്പെടെയുള്ള സവിശേഷ അടിസ്ഥാന സൗകര്യങ്ങളോടെയാകും സഖര്‍ 2.0 സജ്ജമാകുക. ആഡംബര നൗകകളുടെ അറ്റകുറ്റപ്പണികള്‍, ലോജിസ്റ്റിക്സ് സേവനങ്ങള്‍, വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും. നിലവിലെ രീതികളില്‍ നിന്ന് വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദവും സുസ്ഥിരതക്ക് പ്രാധാന്യം നല്‍കുന്നതുമായ സംവിധാനങ്ങളായിരിക്കും ഇവിടെ ഒരുക്കുക. റാക് മാരിടൈം ലോജിസ്റ്റിക്സിന്‍റെ ഭാവിയെ പ്രതിനിധീകരിക്കുന്ന പരിവര്‍ത്തന പദ്ധതിയായാണ് സഖര്‍ 2.0 വിലയിരുത്തപ്പെടുന്നത്. റാസല്‍ഖൈമയിലെ നിലവിലെ തുറമുഖങ്ങളായ അല്‍ജീര്‍, സഖര്‍, മാരിടൈം, റാക്, ജസീറ എന്നിവയുടെ പ്രവര്‍ത്തന വൈവിധ്യവത്കരണത്തിനും സഖര്‍ 2.0 പ്ലാറ്റ്ഫോമായി മാറും.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം അന്താരാഷ്ട്ര നിക്ഷേപങ്ങളും റാസല്‍ഖൈമയിലെത്തിയിട്ടുണ്ട്. എ.പി.ടി ഗ്ലോബല്‍ 50 മില്യണ്‍ ദിര്‍ഹം ചെലവില്‍ ഫാബ്രിക്കേഷന്‍ യൂനിറ്റ് സ്ഥാപിക്കും. ജിയാന്‍ഹുവ ഹോള്‍ഡിങ് ഗ്രൂപ്പും പി.എച്ച്.സി ടെക്നോളജീസും സംയുക്തമായി 120 മില്യണ്‍ ദിര്‍ഹം ചെലവില്‍ നിര്‍മാണ സാമഗ്രി ഫാക്ടറിയും ആരംഭിക്കും. സഖര്‍ 2.0ന്‍റെ ആദ്യ ഘട്ട ലാന്‍ഡ് റിക്ലമേഷന്‍ ജോലികള്‍ 98 ശതമാനവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.