മാരത്തണിന്റെ 30ാം ദിവസം ഫിനിഷ് ചെയ്യുന്ന ഷാഫിയെ സുഹൃത്തുക്കൾ കൈയടിച്ച് സ്വീകരിക്കുന്നു
ദുബൈ: 42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ഓടാൻ ശാരീരിക ക്ഷമതയുള്ള എത്രപേർ നമുക്കിടയിലുണ്ടാവും. എന്നാൽ, കാസർകോട് ചെറുവത്തൂർ കാടങ്കോട് ഷാഫി തയ്യിലിന് മാരത്തൺ എന്നാൽ ഹോബി മാത്രമാണ്. 30 ദിവസത്തിനിടെ ഷാഫി പൂർത്തിയാക്കിയത് 30 മാരത്തണാണ്. അതായത്, ദിവസവും 42 കിലോമീറ്റർ ഓട്ടം. ഒരുമാസം കൊണ്ട് 1266 കിലോമീറ്ററാണ് ഓടിയത്. ദിവസവും നാല്-അഞ്ച് മണിക്കൂർ ഓടിത്തീർത്ത രാപ്പകലുകളെക്കുറിച്ച് ഷാഫി വിവരിക്കുന്നു...
'' കുടുംബവും സുഹൃത്തുക്കളും കേരള റൈഡേഴ്സ് ക്ലബ് അംഗങ്ങളും സമ്മാനിച്ച പിന്തുണയിലൂടെയാണ് ഓരോ ദിവസവും ലക്ഷ്യം പൂർത്തിയാക്കിയിരുന്നത്. രണ്ടുവർഷം മുമ്പ് കോവിഡ് കാരണം മുടങ്ങിപ്പോയ, കസാഖ്സ്താനിൽ നടക്കേണ്ടിയിരുന്ന അയൺമാൻ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ തുടർച്ചയായി ഏഴുദിവസം ഹാഫ് മാരത്തൺ പൂർത്തിയാക്കിയിരുന്നു. ഇതിൽ നിന്നാണ് പുതിയ ദൗത്യത്തിനുള്ള ആത്മവിശ്വാസം ലഭിച്ചത്.
ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ് കൂടി ലക്ഷ്യമിട്ടായിരുന്നു ഓട്ടം. അതിനാൽ തന്നെ നടത്തം അനുവദനീയമായിരുന്നില്ല. തുടർച്ചയായി 42 കിലോമീറ്റർ ഓടണമെന്നും നിബന്ധനയുണ്ടായിരുന്നു. ചലഞ്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചോദ്യമാണ് എന്നെ ഏറെ അലട്ടിയത്. എന്നാൽ, ആത്മവിശ്വാസത്തോടെ ഇത് ഏറ്റെടുക്കുകയായിരുന്നു. ആദ്യ ആഴ്ചയിൽ ശാരീരികമായി വളരെ ഉന്മേഷമായിരുന്നു. വലിയ പ്രയാസമൊന്നും തോന്നിയിരുന്നില്ല.
എന്നാൽ, രണ്ടാം ആഴ്ചയിൽ ആവേശവും ആത്മവിശ്വാസവും കുറഞ്ഞു. നിർത്തിയാലോ എന്നുപോലും ആലോചിച്ചു. ഇത് കേട്ടപാടേ 'ഇനി അതൊന്നും പറഞ്ഞാൽ പറ്റില്ല, ഇത്രയായില്ലേ, നിങ്ങൾക്ക് ബാക്കിയും പറ്റും, ഇവിടത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം' എന്ന ഭാര്യ ഷമിന്റെ കട്ടസപ്പോർട്ടാണ് ബാക്കി ഓട്ടത്തിനുള്ള ഊർജം പകർന്നത്.
കാലിലെ വേദന കാരണം അടുത്ത ദിവസത്തെ ഓട്ടം പ്രയാസം നിറഞ്ഞതായിരുന്നെങ്കിലും എന്നിലെ വിശ്വാസം അടുത്ത ദിവസങ്ങളിൽ കാര്യങ്ങൾ എളുപ്പത്തിലാക്കി. എന്നാൽ, ചില ആശങ്കകളും മനസ്സിലുണ്ടായിരുന്നു. 30 ദിവസം കഴിയുമ്പോഴേക്കും എന്റെ മുട്ട് മാറ്റിവെക്കേണ്ടി വരുമോ, പിന്നെ ഓടാൻ പറ്റാതെ വരുമോ, ചെലവാക്കുന്ന കലോറിക്ക് പാകമായി ഞാൻ കഴിക്കുന്ന ഭക്ഷണം പോരാതെയാകുമോ തുടങ്ങിയവയെല്ലാം ആശങ്കകളായി എനിക്കൊപ്പം ഓടി. എന്നാൽ, ദിവസേനയുള്ള എന്നിലെ നല്ല മാറ്റങ്ങൾ ഈ സംശയങ്ങളെ മറികടക്കാൻ തുടങ്ങി. പിന്നെയുള്ള ദിവസങ്ങളിൽ കാര്യങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തീകരിക്കാനും സാധിച്ചു.
ഇതിന്റെ വിജയമായിരുന്നു 30ാം ദിവസം. എന്റെ മനസ്സ് ശക്തവും ഏറ്റെടുത്ത ഏതൊരു വെല്ലുവിളിയും പൂർത്തിയാക്കാൻ ദൃഢനിശ്ചയവുമുള്ളതാണെന്ന് ആ ഫിനിഷിങ് ലൈനിൽ എനിക്ക് ബോധ്യപ്പെട്ടു. കേരള റൈഡേഴ്സ് അംഗങ്ങളും സുഹൃത്തുക്കളും ഷമിയും മക്കളായ അയിഷയും അലനും എന്നെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നു. ജീവിതത്തിൽ ഒന്നിനും സമയമില്ല എന്ന് നമ്മൾ പറയുന്നത് വെറുതെയാണെന്ന് ഈ മാരത്തൺ മനസ്സിലാക്കിത്തന്നു. ഓട്ടത്തിനും തയാറെടുപ്പിനുമായി മണിക്കൂറുകൾ മാറ്റിവെച്ചെങ്കിലും എന്റെ ജോലിക്കോ കുടുംബ ജീവിതത്തിനോ സൗഹൃദത്തിനോ ഒരു തടസ്സവും സംഭവിച്ചില്ല''. ഷാഫി പറഞ്ഞുനിർത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.