രമേശ് ശുക്ല
ദുബൈ: യു.എ.ഇയുടെ പിറവി മുതൽ ഓരോ മുന്നേറ്റങ്ങളും പകർത്തിയെടുത്ത് യു.എ.ഇയിലെ ‘രാജകീയ ഫോട്ടോഗ്രാഫർ’ എന്ന വിശേഷണത്തിന് അർഹനായ ഇന്ത്യക്കാരനായ ഫോട്ടോഗ്രാഫർ രമേശ് ശുക്ല നിര്യാതനായി. ഒരാഴ്ച മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മകൻ നീൽ ശുക്ലയാണ് മരണ വിവരം ഞായറാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
1965ൽ കടൽ മാർഗം യു.എ.ഇയിൽ എത്തിച്ചേർന്ന രമേശ്, പിന്നീട് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. 1968ൽ ഷാർജയിൽ നടന്ന ഒട്ടകയോട്ട മത്സരത്തിലെ ചിത്രങ്ങൾ പകർത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധേയനായി തുടങ്ങിയത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ശൈഖുമാർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. രമേശ് ശുക്ലക്ക് ഭരണാധികാരികളുടെ ഫോട്ടോ എടുക്കാൻ ഇവിടെനിന്ന് ഭാഗ്യമുണ്ടായി. ഈ ഫോട്ടോ കണ്ട യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ അദ്ദേഹത്തെ പ്രശംസിച്ചു. പിന്നീട് അബൂദബിയിലെ രാജകീയ പരിപാടികളുടെ ഫോട്ടോയെടുക്കാൻ രമേശിന് ക്ഷണമുണ്ടായി. തുടർന്ന് യു.എ.ഇയുടെ പിറവിക്ക് സാക്ഷിയായും ശുക്ലയുണ്ടായിരുന്നു.
ശൈഖുമാരുടെ കൂടിച്ചേരലും ഒപ്പുവെക്കലും അദ്ദേഹം ഒപ്പിയെടുത്തു. ഒരു രാഷ്ട്രത്തിൻറെ പിറവിയുടെ ചരിത്രം ലോകത്തെ അറിയിച്ച കാമറക്കണ്ണുകൾ അദ്ദേഹത്തിൻറേതായി. രാജ്യത്തിൻറെ 50-ാം വാർഷികത്തിൻറെ സ്മരണയ്ക്കായി 202ൽ അച്ചടിച്ച 50 ദിർഹമിൻറെ നോട്ടിൽ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. 1990ൽ മരിക്കുന്നതുവരെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സാഈദ് ആൽ മക്തൂം ശുക്ലയെ കൂടെനിർത്തി. 1970ലാണ് രമേശ് ശുക്ലയുടെ ഭാര്യ താറുവും മകൻ നീലും ദുബൈയിലെത്തിയത്. കൊട്ടാരത്തിലെ രാജകുമാരിമാരുടെ ഫോട്ടോയെടുക്കാൻ ഭാര്യ താറുവിന് അക്കാലത്ത് അവസരം ലഭിച്ചിരുന്നു. സമീപകാലം വരെ ഫോട്ടോഗ്രഫിയിൽ സജീവമായിരുന്ന രമേശ് 1970കളിൽ ദുബൈ കറാമയിൽ സ്ഥാപിച്ച ഫോർ സീസൺസ് രമേശ് ഗാലറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.