ദുബൈ: പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിൽ സെയിൽസ്മാനിൽ നിന്ന് 17 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ദുബൈയിൽ മൂന്ന് പ്രതികൾ പിടിയിൽ. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. പിടിയിലായ പ്രതികളിൽ നിന്ന് 7,28,000 ദിർഹം കണ്ടെടുത്തു.
ബാക്കി തുക കടം വീട്ടാൻ ചെലവഴിച്ചതായി പ്രതികൾ മൊഴി നൽകി. ദുബൈയിൽ അൽ മുതീന വാണിജ്യ കേന്ദ്രത്തിന് സമീപം അൽ മുറാക്കബാത് മേഖലയിൽ വെച്ചായിരുന്നു ആസൂത്രിതമായ കവർച്ച. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയിലെ സെയിൽസ്മാനായ ഈജിപ്ഷ്യൽ പൗരനാണ് കവർച്ചക്കിരയായത്.
മൊബൈൽ വിൽപനയുമായി ബന്ധപ്പെട്ട് ശേഖരിച്ച 1.7 ദശലക്ഷം ദിർഹവുമായി പോകുകയായിരുന്നു ഇയാൾ. ഓഫിസ് കെട്ടിടത്തിന്‍റെ ലിഫ്റ്റിൽ വെച്ചാണ് കവർച്ച നടത്തിയത്. ലിഫ്റ്റിൽ ഇദ്ദേഹത്തോടൊപ്പം ഒരു അറബ് വംശജനും കയറിയിരുന്നു. ഈ സമയം ലിഫ്റ്റിനകത്ത് മറ്റൊരാളും നിൽപ്പുണ്ടായിരുന്നു.
ലിഫ്റ്റ് അടഞ്ഞ ഉടനെ സി.ഐ.ഡി ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സെയിൽസ്മാനെ പരിശോധിക്കുകയും എമിറേറ്റ്സ് ഐ.ഡി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. ഈ രേഖകൾ ഒരാൾ പരിശോധിക്കുന്നതിനിടെ മറ്റൊരാൾ പണമടക്കിയ ബാഗ് കൈവശപ്പെടുത്തിയ ശേഷം രണ്ട് പേരും സംഭവസ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നുവെന്നാണ് കേസ്.
സംഭവം റിപോർട്ട് ചെയ്ത ഉടനെ പ്രത്യേക ടീം രൂപവത്കരിച്ച് ദുബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.സി ടി.വി വിശദമായി പരിശോധിച്ചതിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. തുടരന്വേഷണത്തിൽ മറ്റൊരു എമിറേറ്റിൽ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാറും കണ്ടെത്തി.
സെയിൽസ്മാന്‍റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷം നടന്ന ആസൂത്രിത കവർച്ചയാണിതെന്നും ബോധ്യമായി. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലാവുന്നത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായുള്ള സംശയത്തിലാണ് പൊലീസ്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.