യു.എ.ഇയിലെ സ്കൂളുകളിൽ എ.ഐ ഉപയോഗത്തിന്​ നിയന്ത്രണം

ദുബൈ: രാജ്യത്തെ സ്കൂളുകളിൽ ചാറ്റ്​ ജി.പി.ടി അടക്കമുള്ള എ.ഐ ആപ്ലിക്കേഷനുകളുടെ ഉപയോഗം​ നിയന്ത്രിക്കുന്ന​ ചട്ടക്കൂട്​ രൂപപ്പെടുത്തി വിദ്യഭ്യാസ മന്ത്രാലയം. 13വയസിൽ കുറഞ്ഞ വിദ്യാർഥികൾ ഇത്തരം ടൂളുകൾ ഉപയോഗിക്കാൻ പാടില്ലെന്ന്​ അടക്കമുള്ള നിയന്ത്രണങ്ങളാണ്​ നടപ്പിലാക്കുന്നത്​.

മികച്ച അക്കാദമിക അന്തരീക്ഷം നിലനിർത്താനും അച്ചടക്കമുള്ളതും സുരക്ഷിതവുമായ പഠന സാഹചര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്​ അധികൃതരുടെ നീക്കം. മന്ത്രാലയം പുറത്തിറക്കിയ ക്ലാസ് മുറികളിലെ നിർമ്മിതബുദ്ധി ഉപയോഗം സംബന്ധിച്ച മാന്വലിലാണ്​ നടപടികൾ വിശദീകരിച്ചിട്ടുള്ളത്​. എ.ഐ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാമെന്നതിന് വ്യക്തമായ അതിരുകൾ മാന്വൽ നിശ്ചയിക്കുന്നുണ്ട്​.

13വയസിന്​ താഴെയും ഗ്രേഡ്​ ഏഴിന്​ മുമ്പ്​ അഡ്​മിഷൻ നേടുന്നവർക്കും എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത്​ നിരോധിച്ചതാണ്​ പ്രധാന നിർദേശം. ചെറിയ കുട്ടികളെ മോശം പ്രവണതകളിൽ നിന്ന്​ സംരക്ഷിക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. പഠനത്തിന്‍റെ അടിസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന രീതികൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ച് അസൈൻമെന്റുകൾ, ഗവേഷണ പ്രോജക്ടുകൾ, റിപ്പോർട്ടുകൾ പോലുള്ളവ ചെയ്യുമ്പോൾ എ.ഐ ഉപയോഗിക്കുന്നത്​ പഠനപ്രക്രിയയെ ദുർബലമാക്കും. എ.ഐ ഉപയോഗിച്ചാണെന്ന്​ വെളിപ്പെടുത്താതെയും മുൻകൂർ അധ്യാപക അനുമതിയില്ലാതെയും ഇത്തരം കാര്യങ്ങൾ ചെയ്ത്​ വ്യക്തിഗതമായി നിർവഹിച്ചതാണെന്ന്​ പറയുന്ന സാഹചര്യം അക്കാദമിക്​ സത്യസന്ധതയെ ബാധിക്കുന്നതാണ്​.

പരീക്ഷകളിലും മറ്റു വിലയിരുത്തലുകളിലും എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് മാർഗനിർദ്ദേശങ്ങളിൽ വ്യക്തമായി വിലക്കുന്നുണ്ട്​. അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടവും വ്യക്തമായ മാർഗനിർദ്ദേശവും ഉള്ള വിദ്യാഭ്യാസ സാഹചര്യങ്ങളിൽ മാത്രമേ ജനറേറ്റീവ് എ.ഐ ഉപയോഗിക്കാവൂവെന്ന് മന്ത്രാലയം അറിയിക്കുന്നു. സ്വകാര്യതയും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും ചട്ടക്കൂട്​ ഉറപ്പാക്കുന്നുണ്ട്​.

വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിഗത ഡാറ്റ എ.ഐ സിസ്റ്റങ്ങളിലേക്ക് ഇൻപുട്ട് ചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ മന്ത്രാലയം നിരോധിക്കുന്നു. ഇതിൽ പേരുകൾ, ഫോട്ടോഗ്രാഫുകൾ, ഓഡിയോ അല്ലെങ്കിൽ വീഡിയോ റെക്കോർഡിങുകൾ, ഐഡന്റിറ്റി വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടും. പകർപ്പവകാശമുള്ളതോ സംരക്ഷിതമോ ആയ വസ്തുക്കൾ ഉടമസ്ഥന്റെ അനുമതിയില്ലാതെ വിതരണം ചെയ്യുന്നതും, ഡീപ്ഫേക്ക് സാങ്കേതികവിദ്യകളിലൂടെ കെട്ടിച്ചമച്ചതോ കൃത്രിമം കാണിച്ചതോ ആയ ഉള്ളടക്കം സൃഷ്ടിക്കുന്നതും, ആൾമാറാട്ടം നടത്തുന്നതും, മറ്റുള്ളവരെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്​.

അതുപോലെ രഹസ്യസ്വഭാവമുള്ള സ്കൂൾ മെറ്റീരിയലുകൾ കൈക്കലാകുന്നത്​, ക്ലാസ് മുറിയിലെ ഇടപെടലുകൾ റെക്കോർഡ് ചെയ്യാനും പകർത്താനും എ.ഐ ഉപയോഗിക്കുന്നത്, ക്ലാസ് മുറിയിൽ അംഗീകാരമില്ലാത്ത ജനറേറ്റീവ് എ.ഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത്, ഔദ്യോഗികമായി അംഗീകാരമില്ലാത്ത സേവനങ്ങൾ ആക്‌സസ് ചെയ്യുന്നത്​, സ്‌കൂൾ സൈബർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കുന്നത്​, നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ(വി.പി.എൻ) ഉപയോഗിക്കുന്നത്​ എന്നിവയെല്ലാം കർശനമായി വിലക്കുന്നുണ്ട്​.

Tags:    
News Summary - Restrictions on the use of AI in schools in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.