ശക്തി തിയറ്റേഴ്സ് അബൂദബിയുടെ നാല്പത്തിയഞ്ചാമത് വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു
അബൂദബി: പതിനായിരം വര്‍ഷം പഴക്കമുള്ള ഇരുണ്ട യുഗത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ബോധപൂര്‍വമായ ശ്രമത്തിനെതിരെ പ്രതിരോധം കെട്ടിപ്പടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രി ഡോ. ആര്. ബിന്ദു. ശക്തി തിയറ്റേഴ്സ് അബൂദബിയുടെ നാല്പത്തിയഞ്ചാമത് വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ മേഖലക്കുവേണ്ടിയുള്ള കങ്കാണിപ്പണിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ചരിത്രത്തെ തമസ്കരിച്ചും വക്രീകരിച്ചും വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കുന്ന ഭരണകൂടം, ഭാരതത്തിന്റെ ബഹുസ്വരതയെ തച്ചുടച്ച് ഏകശിലാരൂപമാക്കി മാറ്റുന്നു.
പൊതുവിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷരംഗത്തും വലിയ മുന്നേറ്റമാണ് കേരളത്തില്‍ നടന്നുവരുന്നത്. നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ശക്തി പ്രസിഡന്റ് കെ.വി. ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ജോണ്‍ പി. വര്‍ഗീസ് (ഇന്ത്യ സോഷ്യല്‍ സെന്റര്‍), എ.കെ. ബീരാന്‍കുട്ടി (കേരള സോഷ്യല്‍ സെന്റര്‍), ആര്. ശങ്കര്‍ (യുവകലാസാഹിതി), വേണുഗോപാല്‍ (കല അബൂദബി), ഗഫൂര്‍ എടപ്പാള്‍ (ഫ്രണ്ട്സ് എ.ഡി.എം.എസ്), സി. രാജന് (കൈരളി കള്‍ചറല്‍ ഫോറം), എവര്‍സേഫ് മാനേജിങ് ഡയറക്ടര്‍ എം.കെ. സജീവ്, ശക്തി രക്ഷാധികാരി അംഗം കൃഷ്ണകുമാര്‍, ശക്തി വനിതാവിഭാഗം സെക്രട്ടറി ബിന്ദു നഹാസ്, ശക്തി ബാലസംഘം പ്രസിഡന്റ് നിഹാര സജീവ്, ശക്തി ജനറല്‍ സെക്രട്ടറി എ.എല്‍. സിയാദ്, ജോ. സെക്രട്ടറി വി. നികേഷ് സംസാരിച്ചു. ശക്തി കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.