വാടകയ്‌ക്കെടുത്ത സ്വർണം വിറ്റു; 17.5 ലക്ഷം ദിർഹം നൽകാൻ വിധി

അബൂദബി: വാടകയ്‌ക്കെടുത്ത സ്വര്‍ണം വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട്​ പ്രതികൾ ഉടമക്ക് 17.5 ലക്ഷം ദിർഹം​ നഷ്ടപരിഹാരം നൽകണമെന്ന കീഴ്​ക്കോടതി വിധി ശരിവെച്ച്​ അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി. സ്വർണത്തിന്‍റെ വിലയായ 15 ലക്ഷവും നഷ്ടപരിഹാരമായി 2.5 ലക്ഷം ദിർഹവും ചേർത്താണ്​ 17.5 ലക്ഷം ദിർഹം നൽകേണ്ടത്​.

കേസിൽ പ്രതികളായ രണ്ട്​ പേരും സ്ത്രീകളാണ്​. പ്രതികൾ സ്വർണത്തിന്‍റെ മൂല്യമായ 15 ലക്ഷം ദിർഹവും നഷ്ടപരിഹാരമായി എട്ട്​ ലക്ഷം ദിർഹവും അതിന്‍റെ 12 ശതമാനം പലിശയും കോടതി ചെലവുകളും നൽകാൻ ഉത്തരവിടണമെന്നാണ്​​ പരാതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്​.

15 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം പരാതിക്കാരി പ്രതികളായ സ്ത്രീകള്‍ക്ക് 1,57,000 ദിര്‍ഹമിന് വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രൊമിസറി നോട്ടില്‍ പ്രതികൾ ഒപ്പിട്ടു നല്‍കുകയും ഈടിനായി സ്വര്‍ണത്തിന്‍റെ വിലയ്ക്കുള്ള ചെക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ സ്വര്‍ണം തിരികെ നൽകാതെ പ്രതികള്‍ വില്‍പ്പന നടത്തി.

പരാതി പരിഗണിച്ച കോടതി തെളിവുകള്‍ പരിശോധിച്ച ശേഷം പ്രതികളോട് 15 ലക്ഷം ദിര്‍ഹവും നഷ്ടപരിഹാരമായി 2,50,000 ദിര്‍ഹവും കൈമാറാന്‍ ഉത്തരവിടുകയുമായിരുന്നു. ഇതിനെതിരേ പ്രതികള്‍ അപ്പീല്‍ നൽകി. സ്വര്‍ണ വില കൂടി വന്ന സാഹചര്യത്തില്‍ ഇതു വില്‍ക്കാനായി പരാതിക്കാരി ആഗ്രഹിക്കുകയും ഇതിന്‍റെ ഭാഗമായി തങ്ങള്‍ നല്‍കിയ ചെക്ക് കാലാവധി എത്തുന്നതിനു മുമ്പ് ബാങ്കില്‍ സമര്‍പ്പിക്കുകയും ശേഷം കേസ് നല്‍കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ വാദിച്ചത്. എന്നാല്‍, കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവക്കുകയായിരുന്നു.

Tags:    
News Summary - Rented gold sold; ordered to pay 1.75 million dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.