ദുബൈ: എമിറേറ്റിലെ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം പാരമ്യത്തിലെന്ന് റേറ്റിങ് ഏജൻസിയായ ‘ഫിച്ച്’. വരുംനാളുകളിൽ വിലയിൽ ഇടിവു പ്രതീക്ഷിക്കാമെന്നും അന്താരാഷ്ട്ര ഏജൻസി വ്യക്തമാക്കി. കോവിഡിനുശേഷം വലിയ കുതിച്ചുചാട്ടമാണ് വിപണിയിൽ ദൃശ്യമായത്. അതേസമയം അപ്പാർട്മെന്റുകൾ, വില്ലകൾ അടക്കമുള്ള താമസ വിപണിയിൽ ചുരുങ്ങിയത് 15 ശതമാനത്തിന്റെ വിലയിടിവ് പ്രതീക്ഷിക്കാമെന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഫിച്ച് റേറ്റിങ്സ് പറയുന്നുണ്ട്.
തുടർച്ചയായ വർഷങ്ങളിൽ രേഖപ്പെടുത്തിയ കുതിപ്പിനുശേഷമാണ് വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുന്നത്. നിലവിൽ ബുക്ക് ചെയ്ത പ്രോജക്ടുകളുടെ വിതരണം പൂർത്തിയാകുന്ന മുറക്ക് ആവശ്യങ്ങളിൽ കുറവുണ്ടാകുമെന്നാണ് ഫിച്ചിന്റെ നിഗമനം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എമിറേറ്റിലെ താമസ പ്രോജക്ടുകളിൽ പതിനാറു ശതമാനത്തിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കി. 2022നും 2025ന്റെ ആദ്യപാദത്തിനുമിടയിൽ റസിഡൻഷ്യൽ യൂനിറ്റുകളുടെ വിലയിൽ അറുപത് ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്.
ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിച്ചതും വിപണിയുടെ കുതിപ്പിന് കാരണമായെന്ന് ഫിച്ച് ചൂണ്ടിക്കാട്ടുന്നു. ഉദാരമായ ആദായനികുതി നയങ്ങളും വിസാ നിയമങ്ങളുമാണ് വിദേശികളെ ദുബൈയിലേക്ക് ആകർഷിച്ചത്. ദുബൈ ഗവൺമെന്റിന്റെ കണക്കുപ്രകാരം, കഴിഞ്ഞ വർഷം എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ രേഖപ്പെടുത്തിയത് 36 ശതമാനത്തിന്റെ വളർച്ചയാണ്. ഒരു ലക്ഷത്തിലേറെ പുതിയ നിക്ഷേപകരാണ് എമിറേറ്റിൽ പണമിറക്കിയത്. ആകെ 76,100 കോടി ദിർഹം മൂല്യമുള്ള ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്. ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ഇടപാടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.