അബൂദബി: റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടത്തി ദമ്പതികളുടെ എട്ടുലക്ഷം ദിര്‍ഹം കവര്‍ന്ന മൂന്ന് അറബ് പൗരന്മാര്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. റിയല്‍ എസ്റ്റേറ്റ് ധനകാര്യ സ്ഥാപനമെന്ന പേരില്‍ ഫേസ്ബുക്കില്‍ നല്കിയ പരസ്യം കണ്ടാണ് ദമ്പതികള്‍ ഇവരെ ബന്ധപ്പെട്ടത്.
പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽനിന്ന് വില്ല വാങ്ങാമെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. ഇതിന് കൃത്രിമമായി തയാറാക്കിയ വാണിജ്യ ലൈസന്‍സുകളും വ്യാജ വിൽപന രേഖകളും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ തയാറാക്കിയ വ്യാജ കരാറും തട്ടിപ്പുകാര്‍ കാണിച്ചു. ഇതോടെ ആദ്യ ഗഡുവായി എട്ടുലക്ഷം ദിര്‍ഹം കൈമാറി. പിന്നാലെ തട്ടിപ്പുകാര്‍ സ്ഥലംവിടുകയായിരുന്നു. വഞ്ചിതരായെന്ന് വ്യക്തമായതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയും കേസ് കോടതിക്ക് കൈമാറുകയും ചെയ്തു. ക്രിമിനല്‍ കോടതി പ്രതികളെ ആറുമാസം തടവിന് ശിക്ഷിക്കുകയും ദമ്പതികളില്‍നിന്ന് കൈപ്പറ്റിയ പണം തിരികെ നല്‍കാനും ഉത്തരവിടുകയുമായിരുന്നു. പ്രതികളില്‍നിന്ന് വ്യാജരേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.
ശിക്ഷ പൂര്‍ത്തിയാക്കിയശേഷം കുറ്റവാളികളെ നാടുകടത്താനും കോടതി നിർദേശിച്ചിരുന്നു. ഇതിനുശേഷം ദമ്പതികള്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ കുറ്റക്കാരാണെന്ന് സിവില്‍ കോടതിയും കണ്ടെത്തി. പ്രതികള്‍ കൈപ്പറ്റിയ എട്ടുലക്ഷം ദിര്‍ഹവും നഷ്ടപരിഹാരമായി ഒരുലക്ഷം ദിര്‍ഹവും പണം കൊടുത്തു തീര്‍ക്കുന്നതുവരെ തുകയുടെ അഞ്ചുശതമാനം പലിശയും നല്കാന് കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.