റാസല്‍ഖൈമ: ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുക്കം. മക്കയിലെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് തയാറെടുക്കവെ ബലിപെരുന്നാളിനെ ആഹ്ലാദപൂര്‍വം വരവേല്‍ക്കാനുള്ള തയാറെടുപ്പുകളിലാണ് റാസല്‍ഖൈമ ഉള്‍പ്പെടെ എമിറേറ്റുകള്‍. വാണിജ്യ കേന്ദ്രങ്ങള്‍ പുതിയ ചരക്കുകള്‍ എത്തിച്ച് വിലക്കിഴിവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.
സര്‍ക്കാറിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ നിരത്തുകളും റൗണ്ടെബൗട്ടുകളും ഉള്‍പ്പെടെ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു. വ്യാഴാഴ്ച തുടങ്ങുന്ന ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ യു.എ.ഇയില്‍ തന്നെ ആഘോഷിക്കാനാണ് നല്ല ശതമാനം മലയാളികളുടെയും തീരുമാനം.
വൈകാതെ സ്കൂള്‍ അവധിയിലേക്ക് പ്രവേശിക്കുമെന്നതിനാല്‍ കുടുംബവുമൊത്ത് നാട്ടിലേക്കുള്ള പെരുന്നാള്‍ യാത്ര വേണ്ടതില്ലെന്നാണ് ഭൂരിഭാഗം പേരുടെയും തീരുമാനം. കടുത്ത ചൂടിലാണ് ഇക്കുറി ബലിപെരുന്നാള്‍ എന്നതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പേ പ്രത്യേക ആഘോഷ പാക്കേജുകള്‍ പ്രഖ്യാപിച്ച് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് യു.എ.ഇയിലെ യാത്രാ സേവന, റിസോര്‍ട്ട്-ഹോട്ടല്‍ മേഖലകൾ.
അവധി ദിനങ്ങള്‍ അടുക്കുമ്പോഴും പല സ്ഥാപനങ്ങളിലും മിതമായ നിരക്കില്‍ സ്റ്റേക്കേഷന് സൗകര്യം ലഭ്യമാണെന്നത് സന്ദര്‍ശകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ആഘോഷ-അവധി ദിനങ്ങള്‍ സുരക്ഷിതമാക്കാന്‍ അധികൃതരുടെ നേതൃത്വത്തില്‍ വരുംദിനങ്ങളില്‍ പ്രത്യേക കര്‍മപദ്ധതികളും ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.