ദുബൈ: സ്വകാര്യ സ്കൂളുകൾ വിശുദ്ധ റമദാനിൽ പാലിക്കേണ്ട സമയക്രമവും നിബന്ധനകളും സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അബൂദബി, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിലെ സ്കൂളുകൾ പാലിക്കേണ്ട നിയമങ്ങളാണ് പ്രഖ്യാപിച്ചത്. കുട്ടികൾക്ക് ഹോംവർക്കുകകളും അസൈൻമെൻറുകളും ലഘൂകരിക്കാനും നിർദേശമുണ്ട്. റമദാൻ ഏപ്രിൽ രണ്ടാംവാരത്തിൽ ആരംഭിക്കാനിരിക്കെയാണ് എല്ലാ വർഷത്തെയും പോലെ വിദ്യാഭ്യാസ വകുപ്പുകൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ദുബൈയിൽ സ്വകാര്യ സ്കൂളുകളിൽ അഞ്ചു മണിക്കൂറിൽ കൂടുതൽ ക്ലാസുകൾ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച് തുടക്കസമയവും ഒടുക്കവും തീരുമാനിക്കാൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ആരാധനകൾക്ക് കൂടുതൽ സമയമെടുക്കുന്ന ദിനരാത്രങ്ങളായതിനാൽ വിദ്യാർഥികൾക്ക് ഹോംവർക്, അസൈൻമെൻറുകൾ നൽകുന്നതിൽ പരിഗണനയുണ്ടാകണം. ക്ഷമ, സഹാനുഭൂതി, ഒത്തൊരുമ, ആത്മീയകരുത്ത് എന്നിവയുടെ മാസമായ റമദാനിൽ മറ്റെന്തിനെക്കാളും ഇവക്ക് പരിഗണന ലഭിക്കണമെന്നും മാനവവിഭവ-വിജ്ഞാന വകുപ്പ് സി.ഇ.ഒ മുഹമ്മദ് ദർവീഷ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
അബൂദബിയിലും സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടുതലാകാൻ പാടില്ലെന്ന് വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പ് അറിയിച്ചു. റമദാൻ നിർദേശങ്ങളടങ്ങിയ ഗൈഡ്ലൈൻസ് വകുപ്പ് സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. രാവിലെ 9.30ന് മുമ്പ് ക്ലാസുകൾ ആരംഭിക്കരുതെന്നും വൈകുന്നേരം 3.30ന് മുമ്പായി അവസാനിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഏപ്രിൽ എട്ടിന് വസന്തകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതോടെ നിയന്ത്രണങ്ങൾ നിലവിൽവരും. ഷാർജയിൽ സ്കൂൾ സമയം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയായിരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാവിലെ ഒമ്പതിന് മുമ്പായി സ്കൂളുകൾ ആരംഭിക്കാൻ പാടില്ല. അതേസമയം, സമയം മൂന്ന് മണിക്കൂറിൽ കുറയാതെയും അഞ്ച് മണിക്കൂറിൽ കൂടാതെയും ക്രമീകരിക്കണമെന്നും എസ്.പി.ഇ.എ കൂട്ടിച്ചേർത്തു. നിർദേശിക്കപ്പെട്ട പ്രകാരമുള്ള പ്രവൃത്തിസമയം നിലനിർത്തുന്നതിന് സ്കൂളുകൾ ഹോംവർക്ക്, പ്രോജക്ടുകൾ, പരീക്ഷകൾ എന്നിവ കുറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.