അൽ ഖാസിമി കൊട്ടാരം

‘ആയിഷ’ സിനിമയുടെ പ്രധാന ലൊക്കേഷൻ; യു.എ.ഇയിലെ അൽ ഖാസിമി കൊട്ടാരം വിൽപനക്ക്

റാസൽഖൈമ: വർഷങ്ങളായി യു.എ.ഇയിലെ ജനങ്ങളുടെ ഇടയിൽ കൗതുകവും ദുരൂഹതയും നിറഞ്ഞുനിൽക്കുന്ന റാസൽഖൈമയിലെ പ്രശസ്തമായ 'അൽ ഖാസിമി കൊട്ടാരം' വീണ്ടും വിൽപനക്ക്. മലയാള സിനിമ പ്രേമികൾക്ക് ഏറെ പരിചിതമായ ഈ കൂറ്റൻ കൊട്ടാരം, മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രം 'ആയിഷ'യുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്നു. യൂണിറ്റ് ഫർണിച്ചറുകൾ ഇല്ലാതെ 22.5 ദശലക്ഷം ദിർഹത്തിനും, ഒറിജിനൽ പുരാവസ്തുക്കളും ശേഖരങ്ങളും ഉൾപ്പെടെ 23.5 ദശലക്ഷം ദിർഹത്തിനുമാണ് കൊട്ടാരം വിൽപനക്ക് വെച്ചിരിക്കുന്നത്.

റാസൽഖൈമയിലെ ഒരു കുന്നിൻമുകളിൽ 1985ൽ അന്തരിച്ച ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമിയാണ് ഈ കൊട്ടാരം നിർമിച്ചത്. അഞ്ഞൂറിലധികം ദശലക്ഷം ദിർഹം ചെലവഴിച്ച് നിർമിച്ച ഈ കൊട്ടാരത്തിൽ ഇറാൻ, മൊറോക്കോ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ കലാകാരന്മാരാണ് മൊസൈക്കുകളും ഭിത്തിചിത്രങ്ങളും ഒരുക്കിയത്. എന്നാൽ വിചിത്രമെന്നു പറയട്ടെ, ഇതിന്റെ ഉടമസ്ഥൻ ഒരിക്കലും ഇവിടെ താമസിച്ചിരുന്നില്ല. ആളൊഴിഞ്ഞുകിടന്നത് കൊണ്ടുതന്നെ ഇതിനെ പ്രദേശവാസികൾ ‘പ്രേതബാധയുള്ള കൊട്ടാരം’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. പിന്നീട് 2019ൽ ഇതൊരു മ്യൂസിയമാക്കി മാറ്റിയതോടെ സന്ദർശകർക്കായി തുറന്നുകൊടുക്കുകയുണ്ടായി.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ആയിഷ’യുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത് ഈ കൊട്ടാരത്തിനുള്ളിൽ വെച്ചാണ്. സിനിമയിൽ സൗദി അറേബ്യയിലെ ഒരു പ്രഭുകുടുംബത്തിന്റെ പശ്ചാത്തലമാണ് ഈ കൊട്ടാരത്തിലൂടെ ദൃശ്യവൽക്കരിച്ചത്. പ്രേതബാധയുള്ള വീടാണെന്ന് ആളുകൾ പറഞ്ഞുനടന്നിരുന്നെങ്കിലും, ചിത്രീകരണ വേളയിൽ അത്തരം യാതൊരു അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും മഞ്ജു വാര്യറും അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു. മാസങ്ങളോളം ഈ കൊട്ടാരത്തിനുള്ളിൽ തങ്ങൾ സമാധാനപരമായി ഷൂട്ടിങ് നടത്തിയെന്നും ഇതൊരു വേറിട്ട അനുഭവമായിരുന്നുവെന്നും നടി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

നിലവിൽ അന്താരാഷ്ട്രതലത്തിൽ ഉൾപ്പെടെ നിരവധി നിക്ഷേപകർ ഈ ചരിത്രപ്രസിദ്ധമായ കൊട്ടാരം വാങ്ങാൻ താൽപര്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ആഡംബര വസതിയായോ, ഹോസ്പിറ്റാലിറ്റി ടൂറിസം കേന്ദ്രമായോ ഇതിനെ മാറ്റാനാണ് പുതിയ വാങ്ങലുകാരുടെ പദ്ധതി. ചരിത്രപരമായ പൈതൃക നിയന്ത്രണങ്ങൾ ഒന്നുമില്ലാത്തതിനാൽ പുതിയ ഉടമക്ക് സ്വന്തം ഇഷ്ടപ്രകാരം ഇത് പുതുക്കിപ്പണിയാനും ഉപയോഗിക്കാനും സാധിക്കും. 

Tags:    
News Summary - UAE’s Iconic 35-Bedroom Palace in Ras Al Khaimah Goes on Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.