ലോക കേരള സഭക്ക് ബദല്‍ സംവിധാനം വേണം -വേള്‍ഡ് കെ.എം.സി.സി

ദുബൈ: ലോക വ്യാപകമായിട്ടുള്ള പ്രവാസി മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നിലവിലെ ആഗോള പ്രവാസി നെറ്റ്‌വര്‍ക്ക് സംവിധാനമായ ലോക കേരള സഭ ഇല്ലാതാക്കുന്നത് മലയാളി പ്രവാസി സമൂഹത്തിന്​ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന്​ വേള്‍ഡ് കെ.എം.സി.സി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ ലോകകേരള സഭ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച നടപടി ധിറുതി പിടിച്ചു നടപ്പാക്കുന്നതിനുമുമ്പ് പ്രവാസി മലയാളി സമൂഹവുമായി കൂടിയാലോചന നടത്തി ലോക കേരള സഭക്ക് ശക്തവും സുതാര്യവും കാര്യക്ഷമവുമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കെ.എം.സി.സി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.

മുന്‍ സര്‍ക്കാര്‍ നിലവിലെ ലോകകേരള സഭയെ രാഷ്ട്രീയമായി ഒരു പ്രചാരണായുധമായും മറ്റും ദുരുപയോഗം ചെയ്തിട്ടുണ്ടാവാം. എങ്കിലും, അതൊരു എക്‌സിക്യൂട്ടീവ് ഏജന്‍സിയല്ല, മറിച്ച് പ്രവാസി സമൂഹത്തെ ഏകോപിപ്പിക്കുന്ന ആശയരൂപീകരണ വേദി മാത്രമാണ് എന്ന വസ്തുത നിലനില്‍ക്കുന്നു. ഒരു മന്ത്രാലയത്തിന്‍റെയോ എക്‌സിക്യൂട്ടീവ് ഏജന്‍സിയുടെയോ മാനദണ്ഡങ്ങള്‍ വെച്ച് ഇതിന്‍റെ വിജയപരാജയങ്ങള്‍ അളക്കുന്നത് ശരിയല്ല. സഭ മുന്നോട്ടുവെച്ചിരുന്ന നല്ല ആശയങ്ങള്‍ നടപ്പാക്കേണ്ട ചുമതല വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നോര്‍ക്ക പോലെയുള്ള ഏജന്‍സികള്‍ക്കുമാണ് ഉണ്ടായിരുന്നത്.

ലോക കേരള സഭയുടെ കാര്യത്തില്‍ മാത്രമല്ല, പൊതുഖജനാവില്‍നിന്നും ഏതു കാര്യത്തിന് പണം ഉപയോഗിക്കുമ്പോഴും സൂക്ഷ്മതയും സുതാര്യതയും ഉറപ്പാക്കണം. അത്തരത്തില്‍ എന്തെങ്കിലും അപാകതകളോ വീഴ്ചകളോ ലോക കേരള സഭയുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ തിരുത്തപ്പെടുകതന്നെ വേണം. എന്നാല്‍, ഇത്തരം സാമ്പത്തിക ബാധ്യതയും പാളിച്ചകളും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് പ്രവാസികളെ ബന്ധിപ്പിക്കുന്ന സംവിധാനത്തെ ബദല്‍ വേദിയൊരുക്കാതെ അവസാനിപ്പിക്കരുത്. നിലവിലുള്ള സംവിധാനത്തെ പൂർണമായി ഇല്ലാതാക്കുന്നതിന് പകരം, പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായ ആഗോള മലയാളി പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുകയാണ് വേണ്ടതെന്ന്​ വേള്‍ഡ് കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - loka kerala sabha needs an alternative system - World KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.