കെട്ടിട ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്; അപേക്ഷാ തീയതി നവംബര്‍ 30 വരെ നീട്ടി
അബൂദബി: എമിറേറ്റില്‍ കെട്ടിട ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 വരെ നീട്ടി നല്‍കിയതായി അബൂദബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് (ഡി.എം.ടി) അറിയിച്ചു. കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഘടനാപരമായ സുസ്ഥിരതാ വിലയിരുത്തലുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സുരക്ഷാ ക്ലിയറന്‍സുകള്‍, ഗ്യാസ് സിസ്റ്റം സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍, പ്ലംബിങ് അനുയോജ്യത, എയര്‍കണ്ടീഷനിങ്-വെന്‍റിലേഷന്‍ പരിശോധനകള്‍ എന്നിവയാണ് പ്രധാന നിബന്ധനകള്‍.
ഒരു കെട്ടിടം ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക മുനിസിപ്പല്‍ രേഖയാണ് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്. പ്രോപ്പര്‍ട്ടിയുടെ സ്വഭാവം അനുസരിച്ച് ഇതിന് അഞ്ചുവര്‍ഷം വരെ കാലാവധിയുണ്ടായിരിക്കും. കാലാവധി കഴിയുന്നതിന് മുമ്പ് ഇവ പുതുക്കേണ്ടതാണ്.
നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കാത്ത കെട്ടിട ഉടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴയും കണ്ടെത്തിയ ലംഘനങ്ങള്‍ പരിഹരിക്കാനുള്ള കര്‍ശന നിര്‍ദേശവും ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ നേരത്തെ ആരംഭിക്കുന്നത് ആവശ്യമായ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രോപ്പര്‍ട്ടി മാനേജര്‍മാര്‍ക്ക് അധികമായി ആറുമാസമോ അല്ലെങ്കില്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റ്‌സ് സെന്‍റര്‍ അംഗീകരിക്കുന്ന മറ്റൊരു കാലയളവോ ലഭിക്കാന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.