എ.ഐ സ്വീകാര്യത; മിഡിൽ ഈസ്റ്റിൽ ഒന്നാമതായി അബൂദബി
അബൂദബി: നിർമിത ബുദ്ധി (എ.ഐ) കാര്യതയിൽ മിഡിൽ ഈസ്റ്റിൽ ഒന്നാമതായി അബൂദബി. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പുരോഗതി വിലയിരുത്തി 'ദി ഒബ്സർവർ' പ്രസിദ്ധീകരിച്ച സമഗ്രമായ ‘എ.ഐ സിറ്റീസ് ഇൻഡക്സ്’ റിപ്പോർട്ടിലാണ് അബൂദബി മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനിൽ നടന്ന ‘ദി ഒബ്സർവർ എ.ഐ ഫോറ’ത്തിന് മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ലോകത്തെ 57 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ റാങ്കിങ്ങിൽ അബൂദബി മൊത്തത്തിൽ 11-ാം സ്ഥാനവും ദുബൈ 14-ാം സ്ഥാനവും കരസ്ഥമാക്കി. ആഗോളതലത്തിൽ ആദ്യ 15 സ്ഥാനങ്ങളിൽ യു.എ.ഇയിലെ രണ്ട് നഗരങ്ങൾ ഇടംപിടിച്ചത് എ.ഐ രംഗത്തെ രാജ്യത്തിന്‍റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. സ്വകാര്യ നിക്ഷേപം, പൊതു നിക്ഷേപം, വാണിജ്യ സാധ്യത, ഗവേഷണം, അടിസ്ഥാന സൗകര്യം, വികസനം എന്നീ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയാറാക്കിയത്.
സ്വകാര്യ, പൊതു നിക്ഷേപ വിഭാഗങ്ങളിൽ അബൂദബി ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംനേടി. ഭാവിയിലെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ഈ ഘടകങ്ങൾ നിർണായകമാണ്. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ അബൂദബിക്ക് സാധിച്ചു. സാൻ ഫ്രാൻസിസ്കോ, സിംഗപ്പൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളെയാണ് ഈ വിഭാഗത്തിൽ അബൂദബി പിന്തള്ളിയത്. പൊതു നിക്ഷേപത്തിൽ ദുബൈ ലോകത്ത് നാലാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.