‘രാജു ഓംലെറ്റ്’ റെസ്റ്റാറന്റ് ശൃംഖലയുടെ സ്ഥാപകൻ രാജീവ് മെഹ്‌റിഷ് അന്തരിച്ചു

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘രാജു ഓംലെറ്റ്’ റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനും സി.ഇ.ഒയുമായ രാജീവ് മെഹ്‌റിഷ് നിര്യാതനായി. കുറച്ചുനാളായി സുഖമില്ലാതിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെയാണ് അന്തരിച്ചതെന്ന് കുടുംബസുഹൃത്ത് സ്ഥിരീകരിച്ചു. മുട്ട കൊണ്ടുള്ള വിഭവങ്ങളെ കേന്ദ്രീകരിച്ച് 2013ൽ അദ്ദേഹം തുടക്കം കുറിച്ച ‘രാജു ഓംലെറ്റ്’ എന്ന ആശയം, പിന്നീട് ദുബൈയിലുടനീളം ഏഴ് ശാഖകളുള്ള ജനപ്രിയ ബ്രാൻഡായി വളരുകയായിരുന്നു. രാജു ഓംലെറ്റിനെ യു.എ.ഇക്ക് പുറത്തേക്ക് വ്യാപിപ്പിച്ച് ആഗോള ബ്രാൻഡാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നം.

മുംബൈ സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയ മെഹ്‌റിഷ് 1980-ലാണ് ദുബൈയിലേക്ക് കുടിയേറിയത്. ഒരു സെയിൽസ് പ്രൊഫഷനലായി കരിയർ ആരംഭിച്ച അദ്ദേഹം, 1982 ഫെബ്രുവരി മുതൽ ഖലീജ് ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ പരസ്യ വകുപ്പിൽ ജോലി ചെയ്തിരുന്നു. 1989ൽ ഈ ജോലി വിട്ടശേഷം അദ്ദേഹം പബ്ലിഷിങ്​ രംഗത്തേക്ക് തിരിഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീ, ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവൽ, സിവിൽ ഏവിയേഷൻ ഡിപാർട്ട്‌മെന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ വലിയ പ്രോജക്റ്റുകളുടെ ഭാഗമാകുകയും ചെയ്തു. ദുബൈ മുനിസിപ്പാലിറ്റി, ദേവ, ദുബൈ ചേമ്പർ, എമിറേറ്റ്സ് എയർലൈൻ തുടങ്ങിയ പ്രമുഖ സർക്കാർ-കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാജീവ് മെഹ്‌റിഷിന്റെ നിര്യാണത്തിൽ ദുബായിലെ പ്രമുഖ വ്യവസായികളും ബിസിനസ്​ സമൂഹവും അനുശോചിച്ചു.

Tags:    
News Summary - Rajeev Mehrish, founder of 'Raju Omelette' restaurant chain, passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.