രജിസ്ട്രേഷന്‍ എളുപ്പം; ആനുകൂല്യം നിരവധി

അല്‍ഐന്‍: ആറുമാസം പ്രവാസം പൂര്‍ത്തിയാക്കിയ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭര്‍ത്താവിന്‍െറ വിസയിലുള്ള വീട്ടമ്മമാര്‍ക്കും 300 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് നോര്‍കയുടെ ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള തിരിച്ചറിയല്‍ രേഖ ലഭ്യമാകും. തിരിച്ചറിയല്‍ രേഖ പോസ്റ്റ് ഓഫിസ് വഴി അപേക്ഷകരുടെ വീടുകളില്‍ നേരിട്ടാണ് നോര്‍ക എത്തിക്കുക. അംഗമാകുന്നതോടെ ഓരോ വ്യക്തിക്കും രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വ്യക്തികളെ പോലെ തന്നെ പ്രവാസി സംഘടനകള്‍ക്കും നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകള്‍ക്ക് നോര്‍കയുടെ വിവിധ ക്ഷേമ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനും പ്രവാസികളുടെ ഏജന്‍റായി സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെടാനും സാധിക്കും. യു.എ.ഇയില്‍ നിന്ന് 22 സംഘടനകളാണ് നോര്‍കയില്‍ അംഗത്വം നേടിയിട്ടുള്ളത്.
നിരവധി ക്ഷേമ പദ്ധതികള്‍ക്കാണ് പ്രവാസികള്‍ക്കായി ‘നോര്‍ക’ രൂപം നല്‍കിയിട്ടുള്ളത്. ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സ്വന്തമായും കൂട്ടമായും നാട്ടില്‍ വലുതും ചെറുതുമായ സംരംഭങ്ങള്‍ തുടങ്ങാനുള്ള സൗകര്യങ്ങളും നോര്‍കയുടെ കീഴിലുണ്ട്. 
പ്രവാസം മതിയാക്കി മടങ്ങിചെല്ലുന്ന പ്രവാസിക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ പ്രവാസി വകുപ്പ് നല്‍കുന്നുണ്ട്. ഇതില്‍ മൂന്ന് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയത്തെിവരായിരിക്കും ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കള്‍.
കോഴി വളര്‍ത്തല്‍, മത്സ്യകൃഷി, പശുവളര്‍ത്തല്‍, ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍, കച്ചവടം, റിപ്പയര്‍ ഷോപ്പ്, റെസ്റ്റോറന്‍റുകള്‍, ടാക്സി വാഹനങ്ങള്‍, പൊടിമില്ലുകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍-തടി വ്യവസായം, പേപ്പര്‍ പുന$ചംക്രമണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് ആനുകൂല്യം ലഭിക്കും.
പരമാവധി 20 ലക്ഷം രൂപ മൂലധന ചെലവ് വരുന്ന പദ്ധതിയില്‍ വായ്പ തുകയുടെ 15 ശതമാനം സബ്സിഡിയോടൊപ്പം ഗഡുക്കള്‍ മുടക്കം കൂടാതെ അടക്കുന്നവര്‍ക്ക് ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ച് നല്‍കും. ബാങ്കിന്‍െറ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ക്ക് അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക റൂട്ട്സിന്‍െറ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുമായിരിക്കും വായ്പ അനുവദിക്കുന്നത്. കൂടാതെ രണ്ട് വര്‍ഷം വരെ പ്രവാസികളായവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ ചികിത്സാ ചെലവിനും സഹായം ലഭിക്കും. ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ സഹായത്തിന് അര്‍ഹരല്ല.
ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഗുരുതര രോഗമുള്ള പ്രവാസിക്ക് ചികിത്സ സഹായമായി 50,000 രൂപ വരെയും അല്ലാതുള്ള രോഗങ്ങള്‍ക്ക് 20,000 രൂപ വരെയും വീല്‍ചെയറിന് 15,000 രൂപയും വിവാഹ സഹായമായി 15,000 രൂപ വരെയും നല്‍കിവരുന്നുണ്ട്. കൂടാതെ വിദേശത്തുവെച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ചികിത്സക്കായി വന്ന ചെലവിന്‍െറ കാശും നോര്‍ക നല്‍കുന്നതാണ്. സ്പോണ്‍സറോ മറ്റാരെങ്കിലും സൗജന്യമായോ ഇത്തരം ചെലവ് വഹിച്ചതായി ബോധ്യപ്പെട്ടാല്‍ ആനുകൂല്യം ലഭിക്കില്ല. നോര്‍കയുടെ കീഴില്‍ പ്രവാസി നിയമ സഹായസെല്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് അതത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളുടെ സഹകരണത്തോടെ നിയമസഹായം നല്‍കുന്നതാണ് ഈ പദ്ധതി. റിക്കവറി, പിഴ, ബ്ളഡ്മണി തുടങ്ങിയവക്ക് സഹായം ലഭ്യമാകില്ല. നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്കും ജയില്‍വാസം അനുഭവിക്കുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കള്‍ക്കും ഗുണഭോക്താവിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Tags:    
News Summary - Ragister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.