ദുബൈ ദേരയിലെ തിരക്കേറിയ നായിഫിലായിരുന്ന ഞങ്ങളുടെ സ്ഥാപനം. ഞാൻ നാട്ടിലേക്ക് തിര ിച്ച മാർച്ച് 21 വരെ നായിഫിൽ കൊറോണയുടെ വർത്തമാനങ്ങളൊന്നും കേൾക്കാനില്ലായിരുന് നു. ദുബൈയിൽ പോലും കൊറോണ കാര്യമായ ചർച്ചയായിരുന്നില്ല. എങ്കിലും മുൻകരുതൽ നടപടി കൾ മുറപോലെ നടക്കുന്നുണ്ടായിരുന്നു. 23 മുതൽ ഇന്ത്യയിലേക്കുള്ള വിമാനസർവിസുകൾ നിർ ത്തുന്നുവെന്ന വാർത്ത കേട്ടതോടെയാണ് ഒാൺലൈനിൽ ടിക്കറ്റിനായി പരതിയത്. 21ന് കോഴിക്കോേട്ടക്ക് ഒമാൻ വഴി പോകുന്ന ഒമാൻ എയറിൽ ഒരു ടിക്കറ്റ് ബാക്കിയുണ്ട്. നിരക്ക് കുറച്ച് കൂടുതലാണ് (1030 ദിർഹം). എങ്കിലും കൂടുതൽ ആലോചിച്ചില്ല. ടിക്കറ്റ് സ്വന്തമാക്കി. 21ന് രാത്രി 8.30ന് വിമാനത്താവളത്തിൽ എത്തി. 20 വർഷത്തെ വിമാന യാത്രക്കിടയിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന അവസ്ഥയായിരുന്നു വിമാനത്താവളത്തിൽ കണ്ടത്. നിന്നു തിരിയാൻ സ്ഥലം കിട്ടാത്ത ദുബൈ എയർപോർട്ട് ടെർമിനൽ ഒന്ന് ശൂന്യം. ആകെയുള്ളത് 20ൽ താഴെ യാത്രക്കാർ. അപ്പോഴാണ് കോവിഡ് എന്ന മഹാമാരിയുടെ ഭീതി എെൻറ മനസ്സിലേക്കും കടന്നുവന്നത്.
അപ്പോൾ തന്നെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മുൻകരുതലിനെ കുറിച്ച് അറിയിപ്പ് നൽകി. എയർപോർട്ടും വിമാനവും വൈറസ് വാഹകരാണെന്ന് മനസ്സ് മന്ത്രിച്ചു. വിദേശത്ത് നിന്ന് വന്ന കൂടുതൽ പേർക്കും വൈറസ് കിട്ടിയത് ഇവിടെ നിന്നാണെന്ന് ഞാൻ കരുതുന്നു. പിന്നെ അവിടുന്നങ്ങോട്ട് വീട് വരെയുള്ള യാത്ര പാതി ജീവനോടെ ആയിരുന്നു. എല്ലാവരും ഫേസ് മാസ്കും കൈ ഉറയും ധരിച്ചിരിക്കുന്നു. ആരും പരസ്പരം മിണ്ടുന്നില്ല. ഒമാൻ വഴിയായിരുന്നു യാത്ര. അവിടെ നിന്നും താരതമ്യേന വലിയ വിമാനമായിരുന്നു കോഴിക്കോട്ടേക്ക്. അങ്ങനെ രാവിലെ ഏഴിന് കോഴിക്കോട്ട് വിമാനമിറങ്ങി. അവിടെ വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ശരീരോഷ്മാവ് നോക്കി ഒരു മുറിയിലാക്കി. 14 ദിവസം ക്വാറൻറീനിൽ കഴിയുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ ആരോഗ്യ വകുപ്പിെൻറ ഒരു സംഘം വിവരിച്ചു തന്നു. എല്ലാവരുടെയും നമ്പറും വിലാസവും ശേഖരിച്ച ശേഷം പുറത്തേക്ക് വിട്ടു. വിമാനത്താവളത്തിൽ നിന്നും പരിചയപ്പെട്ട നാദാപുരം കുമ്മങ്കോട്ട് കാരനായ സവാദും എനിക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരും നാദാപുരത്തേക്ക് ടാക്സി വിളിച്ചു യാത്ര തുടർന്നു. നാട്ടിലേക്ക് വരുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല. എയർ പോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ചത്. അപ്പോഴാണ് അറിയുന്നത് ദുബൈക്കാരെ കുറിച്ച് നാട്ടിൽ പരന്ന ‘വൈറസ്’ കഥകൾ അറിഞ്ഞത്. നാട്ടിലേക്ക് വരേണ്ടിയിരുന്നില്ല എന്നാലോചിച്ച നിമിഷമായിരുന്നു അത്. ഇതിനിടയിൽ ഞാൻ എത്തിയ വിവരം പ്രദേശമാകെ കാട്ടുതീ പോലെ പടർന്നു. ചിലരൊക്കെ വാട്സ് ആപ്പിൽ ശകാരിക്കാനും ശപിക്കാനും തുടങ്ങി. എന്തിന് ഇങ്ങോട്ട് വന്നു, ഞങ്ങളെ എങ്കിലും ജീവിക്കാൻ വിട്ടൂടെ എന്നൊക്കെയായിരുന്നു കമൻറുകൾ. എല്ലാം അവരുടെ കരുതലിെൻറയും ജാഗ്രതയുടെയും ഭാഗമായി കാണുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. വരുന്ന വഴിയേ ഭാര്യയെ വിളിച്ച് എനിക്ക് വേണ്ടി മുകളിൽ ഒരു റൂം തയാറാക്കാൻ നിർദേശം നൽകി. വീട്ടിൽ എത്തുമ്പോൾ മൂന്ന് മക്കളും ഉറക്കമായിരുന്നു. ഉപ്പയും ഉമ്മയും താഴേ തറവാട് വീട്ടിലായിരുന്നു. അവരെയും മക്കളെയും കാണാനോ സംസാരിക്കാനോ നിൽകാതെ നേരെ മുകളിലത്തെ റൂമിലേക്ക് കോണിപ്പടികൾ കയറിപ്പോയി.
കുട്ടികളെ ഒക്കെ പുറമെ ഉള്ള ജനാല വഴിയാണ് കണ്ടിരുന്നത്. ഭക്ഷണം തയാറായാൽ ഭാര്യ അറിയിക്കും. കുറച്ച് അകലെ കൊണ്ട് വെക്കും. സൂക്ഷ്മതക്ക് വേണ്ടി ഡിസ്പോസിബ്ൾ ഗ്ലാസും േപ്ലറ്റുമാണ് ഉപയോഗിച്ചിരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ആരോഗ്യ വകുപ്പിൽ നിന്നും സുഖവിവരങ്ങൾ അന്വേഷിച്ച് വിളിക്കും. അതിനിടെയാണ് ക്വാറൻറീൻ 28 ദിവസമായി നീട്ടിയത്. അപ്പോഴൊക്കെ എെൻറ പ്രാർഥന ഞാൻ കാരണം ഇത് കുടുംബങ്ങളിലേക്കോ മറ്റൊരാളിലേക്കോ എത്തരുതെ എന്നായിരുന്നു. നാട്ടിലുള്ള കുനിയിൽ ഹാരിസും യു.കെ. റാഷിദും സാധനങ്ങൾ എത്തിച്ചു തരും. ആരോഗ്യ വകുപ്പിെൻറ കർശന നിർദേശമുള്ളതിനാൽ സന്ദർശകരെ അനുവദിക്കില്ല എന്ന ബോർഡ് അവർ ഗേറ്റിന് മുന്നിൽ പതിച്ചു. ലോക് ഡൗൺ കാലത്ത് വയലോളി താഴ, പുളിയാവ്, ജാതിയേരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ ഭക്ഷണ പദാർഥങ്ങൾ എത്തിച്ചു നൽകാൻ ഒരു കടയുണ്ടായിരുന്നു.
guവയലിൽ പീടികയിലെ അന്ദ്രുവും അഷ്റഫും ഈ കാലയളവിൽ ചെയ്ത സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. അതിനിടെ 24ാം ദിവസം കലക്ടറേറ്റിൽ നിന്നും വിളി വന്നു. ഞാൻ വന്ന വിമാനത്തിലുണ്ടായിരുന്ന പാലക്കാട്ടുകാരന് പോസിറ്റീവാണേത്ര. പിറ്റേ ദിവസം പഞ്ചായത്ത് ഹെൽത്തിലും ജില്ല ഹെൽത്തിലും ബന്ധപ്പെട്ട് ടെസ്റ്റ് നടത്തണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടു. എന്നാൽ, ആരും വന്നില്ല. വിദേശത്തു നിന്നെത്തുന്ന എല്ലാവരെയും പരിശോധിക്കണമെന്നാണ് എെൻറ അഭിപ്രായം. എല്ലാം സഹിച്ച് കാലാവധി പൂർത്തിയാക്കി പുറത്തേക്കിറങ്ങുകയാണ്. ആരോടും പരിഭവമില്ല. വന്ദിച്ചവർക്കും നിന്ദിച്ചവർക്കും നന്ദി. ഇതിനിടയിൽ ആത്മീയമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനായി. മനുഷ്യർ ദുർബലരാണ്. അവെൻറ നിസ്സഹായാവസ്ഥ എത്രത്തോളമുണ്ടെന്ന് അനുഭവിച്ചറിഞ്ഞു. സർവശക്തന് സ്തുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.