പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ഡൽഹിയിൽ
ദുബൈ: പ്രവാസി വിദ്യാർഥികൾക്ക് അറിവും അനുഭവങ്ങളും ഓർമകളും സമ്മാനിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ. യു.എ.ഇയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 23 ഇന്ത്യൻ വിദ്യാർഥികളെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തിച്ചത്. വിദ്യാർഥികൾക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും അവസരമൊരുക്കി.
25ന് ദുബൈയിൽനിന്ന് ഡൽഹിയിലെത്തിയ വിദ്യാർഥികൾ തൊട്ടടുത്ത ദിവസം റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി. ബ്രഹ്മോസ് മിസൈലുകളും അർജുൻ ടാങ്കുകളുമെല്ലാം അവർ നേരിൽ കണ്ടു. വിവിധ സംസ്ഥാനങ്ങൾ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും അവരെ ആകർഷിച്ചു. ഡൽഹിയിലെ കനത്ത മഞ്ഞും തണുപ്പും വകവെക്കാതെ അതിരാവിലെ തന്നെ പരേഡ് വീക്ഷിക്കാൻ വിദ്യാർഥികൾ കർത്തവ്യപഥിലെത്തിയത്. ഇതിനുശേഷം ഹിമാചൽപ്രദേശ് യാത്രയൊരുക്കി. ഹരിയാനയിലെ കടുക് പാടങ്ങളിലും വിദ്യാർഥികൾ ഇറങ്ങി. ഷിംല രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുമായി സംവദിച്ചു.
പ്രവാസി വിദ്യാർഥികൾ ഗൾഫിലെ ഇന്ത്യയുടെ അംബാസഡർമാരായി പ്രവർത്തിക്കണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. ഷിംലയിലെ പ്രശസ്തമായ മാൾ റോഡും കുഫ്രി പാർക്കും സംഘം സന്ദർശിച്ചു. 29ന് ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് വീക്ഷിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി വിദ്യാർഥികൾ കൂടിക്കാഴ്ച നടത്തി. 30ന് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്ര സമാപിച്ചത്.
23 വിദ്യാർഥികൾക്കൊപ്പം ഏഴ് അധ്യാപകരും സംഘത്തിലുണ്ടായിരുന്നു. ഇക്വിറ്റി പ്ലസ് അഡ്വര്ടൈസിങ്ങുമായി സഹകരിച്ച് ഒമ്പതാം വർഷമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.