ഷാർജ റോളയിൽ പെരുന്നാൾ പർച്ചേസിനെത്തിയവർ •ചിത്രം: സിറാജ്​ വി.പി. കീഴ്​മാടം

മഹാമാരിക്കെതിരെ പ്രാര്‍ഥിച്ച് ചെറിയ പെരുന്നാള്‍ സന്തോഷത്തിലേക്ക്

ഷാര്‍ജ: റമദാനിലെ 30 ദിനരാത്രങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത ആത്മ വിശുദ്ധിയുമായി വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ സന്തോഷത്തിലേക്ക്. ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെയാണ് ആഘോഷങ്ങളില്ലാത്ത പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസലോകവും പ്രവേശിക്കുന്നത്. പോയവര്‍ഷം പെരുന്നാള്‍ നമസ്കാരങ്ങള്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് നമസ്​കരിക്കാന്‍ മതകാര്യ മന്ത്രാലയം അനുമതി നല്‍കിയതാണ് ഈ പെരുന്നാളിലെ ഏറ്റവും വലിയ സന്തോഷമെന്ന് വിശ്വാസികള്‍ പറയുന്നു.

15 മിനിറ്റിനുള്ളില്‍ നമസ്കാരവും പ്രസംഗവും അവസാനിപ്പിക്കാനാണ് നിര്‍ദേശം. നമസ്കാരം തുടങ്ങുന്നതിന് 15 മിനിറ്റ്​ മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. നേരത്തേ വന്ന് കൂട്ടംകൂടിനില്‍ക്കാന്‍ ശ്രമിക്കരുത്.കേരളമടക്കം സംസ്ഥാനങ്ങളില്‍ തുടരുന്ന കോവിഡ് താണ്ഡവം എത്രയും വേഗം അവസാനിപ്പിച്ച് ലോകത്തിനാകെ ശാന്തിയും സമാധാനവും നല്‍കണമെന്ന പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളിലെ ഈദ് സന്ദേശങ്ങളില്‍ നിറയുന്നത്. യു.എ.ഇയില്‍ രണ്ട് പെരുന്നാള്‍ സന്തോഷങ്ങള്‍ക്കായി പ്രത്യേകം കാത്തിരിക്കുന്ന ഒരുവിഭാഗമുണ്ട്. ഗ്രോസറി, കഫ​റ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അവര്‍.

വര്‍ഷത്തില്‍ രണ്ട് പെരുന്നാളിനാണ് ഇവരില്‍ പലര്‍ക്കും അവധി കിട്ടാറുള്ളത്. ഇതില്‍ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് പെരുന്നാള്‍. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഈദ്ഗാഹുകള്‍ക്ക് പുറത്ത് പറഞ്ഞുതീരാത്ത കഥകളുമായി ഇവര്‍ നില്‍ക്കുന്നത് കാണാം. എന്നാല്‍, കൂട്ടംകൂടുന്നതിനും ആശ്ലേഷിക്കുന്നതിനും വിലക്കുള്ളതിനാല്‍ ശ്രദ്ധ അനിവാര്യമാണ്. നിയമം ലംഘിച്ചാല്‍ നടപടി ശക്തമായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യാത്രകള്‍ക്ക് കടിഞ്ഞാണിടണം:

പെരുന്നാള്‍ ‍അവധി പ്രമാണിച്ച് വടക്കന്‍ എമിറേറ്റുകളിലേക്ക് യാത്ര പോകുന്നവര്‍ നിരവധിയാണ്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ മേഖലകളിലും നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കൂട്ടംകൂടുന്നതടക്കമുള്ള എല്ലാ നിയമങ്ങളും വിനോദമേഖലകളിലും ബാധകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക അകലം ലംഘിച്ച്​ ആഘോഷങ്ങള്‍ക്ക്​ ശ്രമിക്കരുത്. രോഗവ്യാപനത്തിനും വീടകങ്ങളിലേക്ക് അശാന്തിയെ ക്ഷണിച്ചുവരുത്താനും ഇത്തരം ലംഘനങ്ങളും കൂട്ടംകൂടലും കാരണമാകും. 12 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിന് മേല്‍ പ്രായമുള്ളവരും യാത്രചെയ്യുന്നത് ഒഴിവാക്കണം.

ചന്തകള്‍ പ്രവര്‍ത്തിക്കും:

പെരുന്നാള്‍ അവധിദിവസങ്ങളില്‍ യു.എ.ഇയിലെ ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് അതത് എമിറേറ്റുകളിലെ നഗരസഭകള്‍ അറിയിച്ചു. ഇറച്ചി, പഴം-പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകൾ സാധാരണപോലെ പ്രവര്‍ത്തിക്കും. സെന്‍ട്രല്‍ അറവുശാലകളില്‍ ബുക്കിങ് അനുസരിച്ച് പുറത്തുനിന്നുള്ള മൃഗങ്ങളെയും അറുത്ത് നല്‍കും. പെരുന്നാള്‍ വിഭവങ്ങള്‍ക്ക്​ എല്ലാ സാധനങ്ങളും വിപണികളില്‍ സുലഭമാണ്. റമദാന്‍-ഈദ് ചന്തകളും സജീവമാണ്. വലിയ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

നാട്ടിലേക്ക് പോകാനാവാത്ത സങ്കടം:

കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്ന കാരണം യാത്രാവിലക്ക് വന്നത് പ്രവാസികളെ നിരാശരാക്കി. കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരുക്കം നടത്തിയ സമയത്താണ് ഇന്ത്യയില്‍ കോവിഡ് പടര്‍ന്നുപിടിച്ചത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ യാത്രവിലക്ക് നീളുമെന്ന് ഉറപ്പാണ്. അതിനാൽ പെരുന്നാള്‍ ആഘോഷങ്ങള്‍ ഇത്തവണ ഫോണ്‍വിളികളിലും ചാറ്റിങ്ങിലും ഒതുങ്ങും.

...........................................................................................................................................................

പെരുന്നാള്‍ പെരുമയില്‍ ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി

ഷാര്‍ജ: പെരുന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി പൂർത്തിയാക്കി. മനോഹര അലങ്കാരങ്ങള്‍ കൊണ്ടാണ് തെരുവുകളും വീഥികളും ചത്വരങ്ങളും അണിയിച്ചിരിക്കുന്നത്​. മുനിസിപ്പാലിറ്റിയുടെ അറവുശാല ശനി മുതൽ വ്യാഴം വരെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ തുറക്കും. വെള്ളിയാഴ്ച രാവിലെ ആറു മുതൽ 11 വരെയും ഉച്ചക്ക്​ രണ്ട്​ മുതൽ ആറു വരെയും പ്രവർത്തിക്കും. നഗരത്തിലെ പച്ചക്കറി- മത്സ്യ മാർക്കറ്റുകള്‍ ശനി മുതൽ വ്യാഴം വരെ രാവിലെ എഴു മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച രാവിലെ എഴു മുതൽ രാത്രി 11 വരെയും ഉച്ചക്ക്​ രണ്ട്​ മുതൽ രാത്രി 10 വരെയും തുറക്കും. പണമടക്കാൻ പരമാവധി ഇലക്ട്രോണിക് പേ​​െമൻറ്​ സൗകര്യം ഉപയോഗിക്കണം.

അൽ ദാഫ്ര ഹോസ്പിറ്റലുകളിൽ സമയമാറ്റം

അബൂദബി: ഈദ് അൽ ഫിത്​റി​െൻറ ആദ്യ ദിവസം മുതൽ ഈദ് അവസാനിക്കുന്നതുവരെ അൽ ദഫ്ര ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. മദീന സായിദ് ഹോസ്പിറ്റലിലെ ഇൻഫ്ലൂവൻസ ക്ലിനിക്, കോവിഡ് -19 ക്ലിനിക് എന്നിവ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉച്ച പന്ത്രണ്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തിക്കുക. മദീന സായിദിലെ സെൻറർ ഫോർ ഡീകോഡിങ് മദീന സായിദ് വിവാഹ ഹാളിൽ രാവിലെ എട്ടു മുതൽ രാത്രി വരെയാണ് പ്രവർത്തിക്കുക. ഇതേ സ്ഥലത്തെ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം, വാക്‌സിനേഷൻ കേന്ദ്രം എന്നിവ ഈദുൽ ഫിത്​ർ വേളയിൽ പ്രവർത്തിക്കില്ലെന്നും അൽ ദഫ്ര ഹോസ്പിറ്റൽസ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കി ഷാര്‍ജ നഗരസഭ

ഷാര്‍ജ: ഈദുൽ ഫിത്​റിനായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുഴുസമയ സംഘ​ങ്ങളെ നിയോഗിച്ചു. ഭക്ഷ്യസ്ഥാപനങ്ങൾ, ഹെയർ സലൂണുകൾ, സൗന്ദര്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധനകൾ നടത്തും. സാമൂഹിക അകലവും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി പാർക്കുകൾ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഇൻസ്​റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ അലി ഉബൈദ് അൽ ഹമൂദി പറഞ്ഞു. അനധികൃത കശാപ്പുകാര്‍ക്കെതിരെ ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭീഷണിയാണെന്നും പിടിക്കപ്പെട്ടാല്‍ ശക്തമായ നിയമനടപിടകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.