കോടതി നടപടികൾ ഇനി അതിവേഗം; എഐയുമായി യുഎഇ നീതിന്യായ മന്ത്രാലയം
അബൂദബി: കോടതി നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനുമായി നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുമായി യു.എ.ഇ നീതിന്യായ മന്ത്രാലയം. അബൂദബി അഡ്‌നക് സെന്‍ററില്‍ നടക്കുന്ന കുറ്റകൃത്യ പ്രതിരോധത്തിനും ക്രിമിനല്‍ നീതിക്കും വേണ്ടിയുള്ള 15-ാമത് യു.എന്‍ കോണ്‍ഗ്രസിലാണ് മന്ത്രാലയം തങ്ങളുടെ പുതിയ ‘ഏജന്‍റിക് എ.ഐ’ സംവിധാനം അവതരിപ്പിച്ചത്. വിചാരണക്ക് മുമ്പുള്ള കേസ് വിശകലനവും തെളിവുകളുടെ സംഗ്രഹവും പരമ്പരാഗതമായി എടുത്തിരുന്ന 18 പ്രവൃത്തി ദിവസങ്ങളില്‍ നിന്ന് കേവലം രണ്ട് മണിക്കൂറായി കുറക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും.
ആയിരക്കണക്കിന് പേജുള്ള രേഖകളും എതിര്‍ വാദങ്ങളും പരിശോധിക്കേണ്ടി വരുന്ന ജഡ്ജിമാരുടെ ഭാരം ഇതുവഴി വലിയ തോതില്‍ ലഘൂകരിക്കപ്പെടും. ഒമ്പത് മാസത്തോളമെടുത്ത് വികസിപ്പിച്ചെടുത്ത ഈ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) 22,000ത്തിലധികം നിയമ രേഖകളിലും 10,000 ചരിത്രപരമായ കേസ് ഫയലുകളിലും കൃത്യമായ പരിശീലനം നേടിയതാണ്. യു.എ.ഇയുടെ സ്വകാര്യതാ സംരക്ഷണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. അതേസമയം, സാങ്കേതികവിദ്യ ജുഡീഷ്യറിയുടെ മേല്‍നോട്ടത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും തീരുമാനമെടുക്കാനുള്ള പിന്തുണ സംവിധാനമായി മാത്രമാണ് ഇത് പ്രവര്‍ത്തിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
രേഖകള്‍ ക്രോഡീകരിക്കാനും വിധിന്യായങ്ങളുടെ രൂപരേഖ തയാറാക്കാനും എ.ഐ സഹായിക്കുമെങ്കിലും, ഏത് ഔട്ട്പുട്ടും പരിശോധിക്കാനും മാറ്റം വരുത്താനും തള്ളിക്കളയാനുമുള്ള പൂര്‍ണ അധികാരം ജഡ്ജിക്ക് മാത്രമായിരിക്കും. കോടതിയുടെ ഭരണപരമായ തടസ്സങ്ങള്‍ ഒഴിവാക്കാനായി കേസുകള്‍ വിശകലനം ചെയ്യാനും തെളിവുകള്‍ സംഗ്രഹിക്കാനും ആറ് പ്രത്യേക സ്വയംഭരണ എ.ഐ ഏജന്‍റുകളെയാണ് പ്ലാറ്റ്ഫോമില്‍ സജ്ജീകരിച്ചിട്ടുള്ളത്. കോടതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ റിയല്‍ ടൈം അനലിറ്റിക്‌സ് നല്‍കുന്ന ‘സ്മാര്‍ട്ട് ജസ്റ്റിസ് ലീഡര്‍ഷിപ്പ് ഡാഷ്ബോര്‍ഡും’ മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.