ഷാർജ: അപ്രതീക്ഷിതമായി എമിറേറ്റിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്തത്. അതിവേഗത്തിൽ ഇടപെട്ട ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) പ്രശ്നം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു.
ഉച്ച 12ഓടെയാണ് ജമാൽ അബ്ദുൾ നാസർ സ്ട്രീറ്റ്, സമീപത്തെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ അൽ മജാസിന്റെയും അൽ താവൂനിന്റെയും ചില ഭാഗങ്ങളിലും അൽ നഹ്ദ, മുവൈല, ബുഹൈറ കോർണിഷ്, അൽ സഹിയ, കൽബ എന്നിവടങ്ങിലും വൈദ്യുതി മുടങ്ങിയത്. എന്നാൽ പ്രധാന സ്ഥലങ്ങളിലെല്ലാം വളരെ വേഗത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ച അധികൃതർ, സുരക്ഷ പരിശോധനകൾക്ക് ശേഷം മറ്റിടങ്ങളിലും ഘട്ടംഘട്ടമായി പ്രതിസന്ധി നീക്കി.
ഉച്ച കഴിഞ്ഞ് 3.30ഓടെ വൈദ്യുതി പൂർണമായും പുനഃസ്ഥാപിച്ചതായി ‘സേവ’ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചു. സാങ്കേതിക സംഘങ്ങളുടെ തീവ്രമായ പരിശ്രമത്തിലൂടെ വീടുകളിലും, റെസിഡൻഷ്യൽ സ്ഥലങ്ങളിലും, സഹാറ സെന്റർ പോലുള്ള പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലും സ്ഥിതി സാധാരണ നിലയിലാക്കാൻ കഴിഞ്ഞതായും പുനഃസ്ഥാപിക്കൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കിയതായും ‘സേവ’ വ്യക്തമാക്കി. നെറ്റ്‌വർക്കിന്റെ ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനത്തിന് സംഭവിച്ച സാങ്കേതിക തകരാറാണ് തടസ്സത്തിന് കാരണമായത്.
വൈദ്യുതി മുടങ്ങിതോടെ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കാലതാമസം നേരിട്ടു. അതോടൊപ്പം ചില സർക്കാർ ഇടപാടുകളും താലക്കാലികമായി നിർത്തിവെച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതുവരെ ഇവിടങ്ങളിലെ എ.ടി.എം മെഷീനുകളും താൽക്കാലികമായി ലഭ്യമായിരുന്നില്ല. മറ്റ് ബാങ്കിങ് സേവനങ്ങളെയും ഇത് ബാധിച്ചു.
പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ എക്‌സ് പ്ലാറ്റ്ഫോം വഴി തകരാർ സ്ഥിരീകരിക്കുകയും ‘അപ്രതീക്ഷിത സാങ്കേതിക പ്രശ്‌ന’മാണ് കാരണമെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. കർശനമായ സുരക്ഷ പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് എത്രയുംവേഗം വൈദ്യുതി പുനഃസ്ഥാപിക്കാൻ അടിയന്തര സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തത് താമസക്കാർക്ക് ആശ്വാസം പകർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.