ദുബൈ: ഗൾഫിന്റെ ഓണാഘോഷത്തിന് നിറച്ചാർത്തൊരുക്കി 'ഗൾഫ് മാധ്യമം' -സഫീർ മാർക്കറ്റ് 'ഓണോത്സവത്തി'ന് ശനിയാഴ്ച തുടക്കം. രണ്ടുദിനം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ഷാർജ അൽ നഹ്ദയിലെ സഫീർ മാർക്കറ്റ് ഒരുങ്ങി. വടംവലി മുതൽ പൂക്കള മത്സരം വരെ ഓണത്തിന്റെ തനതായ ആഘോഷങ്ങളൊരുക്കിയാണ് ഓണോത്സവം അരങ്ങേറുന്നത്.
ഉച്ചക്ക് ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. സഫീർ മാർക്കറ്റിൽ നടക്കുന്ന തത്സമയ മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ സമ്മാനപ്പെരുമഴയാണ് കാത്തിരിക്കുന്നത്. ഓണം കഴിഞ്ഞും ഒരുവർഷത്തോളം ആഘോഷം സംഘടിപ്പിക്കുന്ന പ്രവാസികൾക്ക് കുടുംബസമേതം ആസ്വദിക്കാനാവശ്യമായ രുചിക്കൂട്ടുകളുമായാണ് ഓണോത്സവം എത്തുന്നത്. നാട്ടിലെ ഓണാഘോഷം മിസ് ചെയ്യുന്നവരെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓണോത്സവത്തിൽ രസകരമായ മത്സരങ്ങളും കുസൃതിചോദ്യങ്ങളും ഇതിനെല്ലാം സമ്മാനവുമുണ്ടാകും. ആഘോഷത്തിൽ പങ്കുചേരാൻ ആയിരക്കണക്കിനാളുകൾ ഇവിടേക്ക് എത്തും.
കേരളത്തിലെ കോളജ് അലുമ്നികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്സിന്റെ അംഗങ്ങൾ ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകളിലെ അംഗങ്ങളും പ്രതിനിധികളും ആഘോഷത്തിന്റെ ഭാഗമാകും. കുട്ടികളുടെ കലാവിരുതുകൾ പ്രകടിപ്പിക്കാനുള്ള ലിറ്റിൽ മാസ്റ്റർ ചിത്രരചന മത്സരം ശനിയാഴ്ച നടക്കും. നൂറുകണക്കിന് കുട്ടികളാണ് പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പായസ മത്സരമാണ് ശനിയാഴ്ചത്തെ മറ്റൊരു പ്രധാന ആകർഷണം. വിദഗ്ധ ജഡ്ജിമാരാണ് വിധി നിർണയിക്കാനെത്തുന്നത്. വടംവലി, പൂക്കളം, കുടുംബ പാചകം, ദമ്പതി മത്സരം ഉൾപ്പെടെ നിരവധി മത്സരങ്ങൾ 'ഓണോത്സവിന്റെ' ഭാഗമായി രണ്ട് ദിവസങ്ങളിൽ അരങ്ങേറുന്നുണ്ട്.
യു.എ.ഇയിലെ പ്രശസ്തരായ അവതാരകരായിരിക്കും കാണികളെ കൈയിലെടുക്കാൻ എത്തുക. എല്ലാ എമിറേറ്റുകളിൽനിന്നുള്ളവരും നാളെ സഫീർ മാർക്കറ്റിലേക്ക് ഒഴുകിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.