അജ്മാൻ അൽ ഇത്തിഹാദ് സ്ട്രീറ്റിലെ നിർമാണ പ്രവൃത്തികൾ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
അജ്മാൻ: നവീകരണ പ്രവൃത്തികളുടെ ഭാഗമായി അജ്മാൻ അൽ ഇത്തിഹാദ് സ്ട്രീറ്റിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അജ്മാൻ പൊലീസ് നടപടി തുടങ്ങി.
നഗരസഭയുടെ സഹകരണത്തോടെയാണ് അജ്മാന്‍ പൊലീസ് അൽ നുഐമിയ ഇന്‍റർസെക്‌ഷൻ വഴിതിരിച്ചുവിടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാര നടപടികൾ സ്വീകരിക്കുന്നത്. പുതിയ പാലം നിർമിക്കുന്നതിനാണ് ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ പണിയുന്ന പാലത്തിന്‍റെ നിർമാണം ഒരുവര്‍ഷവും നാലുമാസവും കൊണ്ട് പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി, അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പിലെ റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മർസൂഖി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നിർമാണ പ്രവൃത്തികള്‍ പരിശോധിച്ചു. പ്രവേശന കവാടങ്ങൾ, ഒരുക്കിയിട്ടുള്ള താൽക്കാലിക വഴികള്‍ അടക്കമുള്ള നിലവിലെ സംവിധാനങ്ങള്‍ സംഘം അവലോകനം ചെയ്തു. ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ദിശാസൂചനകൾ പാലിക്കാനും നിർദിഷ്ട ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.