അവധിക്കാലത്ത് കളിക്കാം, പുസ്തകങ്ങൾക്കൊപ്പം

വളർന്നു വരുന്ന തലമുറയിൽ മികച്ച വായന സംസ്കാരം വളർത്തി എടുക്കുന്ന മികച്ച ശ്രമങ്ങൾക്കാണ് ഷാർജ നേതൃത്വം നൽകുന്നത്. അക്ഷരങ്ങളുടെ കളിക്കൂട്ടുകാരാക്കി കുട്ടികളെ മാറ്റുകയും അവരിൽ വായന സംസ്കാരം വളർത്തി എടുക്കലും ഇതുവഴി സ്വപ്നം കാണുന്നു. വായനയുടെയും അറിവിന്‍റെയും ലോകം കാണിക്കാൻ വിവിധ പരിപാടികൾ ഇതിന്‍റെ ഭാഗമായി എമിറേറ്റിൽ സംഘടിപ്പിക്കാറുണ്ട്. വർഷംതോറും കുട്ടികളുടെ വായനോത്സവം പോലെ ആകർഷണീയമായ വേദികൾക്കാണ് ഷാർജ സാക്ഷ്യം വഹിക്കാറുള്ളത്. കളി ചിരിക്കൊപ്പം കഴിവുകൾ കൂടി പരിപോഷിപ്പിക്കപ്പെടുന്ന പരിപാടിയിൽ സർഗ്ഗാത്മക കഴിവുകൾക്ക് കൂടി വേദിയൊരുങ്ങുന്നുണ്ട്.

പുതു തലമുറയെ അക്ഷരലോകത്ത് കൈ പിടിച്ചുയർത്തുക വഴി വൈജ്ഞാനിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഷാർജ സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സമ്മർ ക്യാമ്പുകൾ കൊണ്ട് വന്നത്. ഭാവിയുടെ നായകരെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി ഷാർജയിലെ കുട്ടികൾക്ക് അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്ന പുതിയ പദ്ധതിയിലൂടെ അവധി ദിവസങ്ങൾ മനോഹരമാക്കാനും, പ്രകൃതി സംസ്കാരം തുടങ്ങിയവയെ അടുത്തറിയാൻ കുട്ടികളെ സഹായിക്കുകയും ചെയ്യും. ഭാവിയുടെ നായകർ എന്ന പ്രമേയത്തിൽ പരിപാടിയുടെ രജിസ്ട്രേഷനും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

വേനൽ അവധിക്കാലത്ത് കുട്ടികളിൽ കൂടുതൽ കഴിവുകൾ വികസിപ്പിക്കാനും വായനാ സംസ്കാരം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി തുടക്കം കുറിക്കുന്നത്. പരിപാടിയുടെ രജിസ്ട്രേഷൻ ജൂലൈ ഏഴ് വരെയാണ്. എമിറേറ്റിന്‍റെ കിഴക്കൻ മേഖലയിലെ ഷാർജ പൊതുജന വായനശാലയുടെ വ്യത്യസ്ത ശാഖകളിൽ പരിപാടി നടക്കും. ഷാർജ ബുക്ക് അതോറിറ്റിയുടെ ആദ്യ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചു.

ദിബ്ബ അൽ ഹിസ്ൻ, ഖോർ ഫക്കൻ, കൽബ, വാദി അൽ ഹെലോ എന്നിവിടങ്ങളിലും പരിപാടി നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. എസ്‌.ബി‌.എ നേതൃത്വം നൽകുന്ന പരിപാടിയിൽ ലൈഫ് കോച്ച് ഹമദ് എഗ്‌ദാനി നയിക്കുന്ന ശിൽപശാലകൾ നടക്കും. കുട്ടികളിൽ ആത്മാഭിമാനം വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ദൈനംദിന ദിനചര്യ സ്ഥാപിക്കുന്നതിനും സജ്ജരാക്കും. പരസ്പര ആശയ വിനിമയം നടക്കുന്ന സെഷനുകളിലൂടെ കുട്ടികൾക്ക് പ്രശ്‌നപരിഹാര നൈപുണ്യത്തിലും ഗവേഷണത്തിലും സ്വതന്ത്രമായ പഠന വൈദഗ്ധ്യത്തിലും പരിശീലനം ലഭിക്കും.

Tags:    
News Summary - Play during the holidays, with books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.