ഷാർജ: ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്ലാസ്റ്റിക് കൂടുകളിൽ ചൂടു ഭക്ഷണം പൊതിഞ്ഞു നൽകിയ 63 ബേക്കറികൾക്ക് ഷാർജ നഗരസഭ 300 ദിർഹം വീതം പിഴ ചുമത്തി. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും.ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതിനെതിരെ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി നഗരസഭ ഫുഡ് കൺട്രോൾ വിഭാഗം മേധാവി ഒമർ അൽ മുഹൈറി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലാണ് അലിഞ്ഞു പോകാത്ത പ്ലാസ്റ്റിക് കവറുകൾ ചുടു ഭക്ഷണങ്ങൾ പൊതിയാൻ ഉപയോഗിക്കുന്നത് വിലക്കി നഗരസഭാ കൗൺസിൽ നിയമം കൊണ്ടുവന്നത്.
തണുത്ത ഭക്ഷണങ്ങൾ പൊതിയുന്നതിന് പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാം. എന്നാൽ ചൂട് ഭക്ഷണം പൊതിയാൻ കടലാസ് കവറുകൾ ഉപയോഗിക്കണം. പരിശോധന സമയത്ത് നിരവധി കടകളിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നത് കണ്ടെത്തിയിരുന്നു. ഇരട്ടി പിഴ ചുമത്തിയ ശേഷവും തെറ്റ് ആവർത്തിക്കുന്നവരുടെ കടകൾ പൂട്ടിക്കും. ചില കടകൾക്ക് തെറ്റ് തിരുത്താൻ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കവറിൽ ചൂട് ഭക്ഷണ സാധനങ്ങൾ നൽകിയാൽ അവ നിരസിക്കുകയും 993 എന്ന നമ്പറിൽ വിളിച്ച് വിവരം നൽകുകയും വേണമെന്ന് അധികൃതർ ജനങ്ങളോട് നിർദേശിച്ചു. പൊതിയുന്ന വസ്തുവിനു പുറമെ ജീവനക്കാരുടെ ആരോഗ്യം, വ്യക്തി ശുചിത്വം എന്നിവയും പരിശോധനക്ക് വിധേയമാക്കും. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൈയുറയും തൊപ്പിയും ധരിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.