ദുബൈ: അഹ്മദാബാദിലെ എയർഇന്ത്യ വിമാന ദുരന്തത്തിൽ അനുശോചിച്ച് വിവിധ പ്രവാസി കൂട്ടായ്മകൾ. ദുഃഖകരമായ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. വളരെ പ്രയാസകരമായ ഈ സാഹചര്യത്തിൽ ദുരന്തത്തിന്റെ ഇരകളുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം ചേർന്നുനിൽക്കുകയാണ്. ഹൃദയഭേദകമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. ദുരിതബാധിതരായ കുടുംബങ്ങളോടും ഗുജറാത്തിലെ ജനങ്ങളോടും ഈ ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഭാവിയിൽ എല്ലാവർക്കും വിമാന യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികാരികൾ തുടർന്നും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു -പ്രസിഡന്റ് നിസാർ തളങ്കര പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ദുബൈ: രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച അഹ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ പ്രവാസി ഇന്ത്യ യു.എ.ഇ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരിൽ ലണ്ടനിൽ നഴ്സായിരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുല്ലാട്ട് സ്വദേശിനി രഞ്ജിത ആർ. നായർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് കേരളീയ സമൂഹത്തിന്റെ ദുഃഖം വർധിപ്പിക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ യാത്രക്കാരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പ്രവാസി ഇന്ത്യ യു.എ.ഇ പങ്കുചേരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കാൻ സർക്കാർ വേഗത്തിൽ ഇടപെടണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു -പ്രസ്താവന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.