ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച രാവിലെ ദുബൈയിലെത്തി. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്. ഇന്നു വൈകിട്ട് അദ്ദേഹം ദുബൈ അൽകൂസിലെ തൊഴിലാളി ക്യാമ്പ് സന്ദർശിക്കും. ഇന്നു മറ്റു പൊതുപരിപാടികളൊന്നുമില്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുബൈയിലും ഷാര്‍ജയിലുമായി തിരക്കിട്ട പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസികാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ആദ്യ ഗള്‍ഫ് യാത്രയില്‍ പ്രവാസലോകം വലിയ പ്രതീക്ഷയിലാണ്. വെള്ളിയാഴ്ച ദുബൈയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പൗരസ്വീകരണവും പിണറായി വിജയനായി ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൂട്ടുക, തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുക, നിക്ഷേപാവസരങ്ങള്‍ തുറന്നുകൊടുക്കുക തുടങ്ങി വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചിലതിലെങ്കിലും മുഖ്യമന്ത്രിയുടെ അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച രാവിലെ 10ന് ദുബൈ എമിറേറ്റ്‌സ് ടവറില്‍ വ്യവസായ, വാണിജ്യ പ്രമുഖരുടെ സംഗമത്തില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. സ്മാര്‍ട്ട് സിറ്റി അവലോകന യോഗത്തിലും പങ്കെടുക്കും. അന്ന് വൈകീട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ കൈരളി ടി.വി. സംഘടിപ്പിക്കുന്ന എന്‍.ആര്‍.ഐ ബിസിനസ് അവാര്‍ഡ് വിതരണ ചടങ്ങാണ് ആദ്യ പരിപാടി. ഉച്ചകഴിഞ്ഞ് ദുബൈയിലെ മാധ്യമപ്രവര്‍ത്തകരെ കാണും. വൈകീട്ടാണ് പൗരസ്വീകരണം. ഇതിന്റെ വേദി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവിധ എമിറേറ്റുകളില്‍നിന്ന് വലിയതോതില്‍ ആളുകളെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.