ഷാർജയിൽ ചേർന്ന പി.സി.എഫ് നാഷനൽ കമ്മിറ്റി യോഗം
ഷാർജ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംഘ്പരിവാർ ഉന്മൂലന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നും ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നവർ കേന്ദ്ര ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടുകയാണെന്നും പീപ്ൾസ് കൾച്ചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി ആരോപിച്ചു. എല്ലാ മതവിശ്വാസികളുടെയും മതമില്ലാത്തവരുടെയും ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
നിമിഷപ്രിയയുടെ മോചനത്തിനായി കൈകോർത്തതും വധശിക്ഷ റദ്ദാക്കിയുള്ള തീരുമാനങ്ങൾ ഉണ്ടായതും കേരളത്തിന്റെ മതസൗഹാർദത്തിന് കോട്ടം വരുത്തുന്ന വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളിമാരും സമാന സംഘ്പരിവാർ കൂട്ടങ്ങളും തിരിച്ചറിയണമെന്നും ഷാർജയിൽ ചേർന്ന പി.സി.എഫ് നാഷനൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സംഘടന സിൽവർ ജൂബിലി വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കാനും യോഗം തീരുമാനിച്ചു. ആഗസ്റ്റിൽ ലോഗോ പ്രകാശനത്തോടെ തുടങ്ങുന്ന ആഘോഷങ്ങൾ 2026 ഫെബ്രുവരിയിൽ സമാപിക്കും.
യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ്, മുനീർ നന്നമ്പ്ര, ജോയന്റ് സെക്രട്ടറിമാരായ ഇസ്മയിൽ നന്നമ്പ്ര, റഹീസ് കാർത്തികപ്പള്ളി, ജംഷാദ് ഇല്ലിക്കൽ, ഗ്ലോബൽ അംഗം ഇസ്മായിൽ നാട്ടിക, ഷമീർ പവിട്ടപ്പുറം എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി ഇബ്രാഹിം പട്ടിശ്ശേരി സ്വാഗതവും ട്രഷറർ ഇസ്മയിൽ ആരിക്കാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.