ദുബൈ: തിരക്കനുസരിച്ച് വ്യത്യസ്തമായ പാർക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രിൽമുതൽ നടപ്പിലാക്കുമെന്ന് ദുബൈയിലെ പാർക്കിങ് നിയന്ത്രിക്കുന്ന ‘പാർക്കിൻ’ കമ്പനി അറിയിച്ചു. നാല് താരിഫ് സോണുകളായാണ് പാർക്കിങ് സ്ഥലങ്ങൾ വേർതിരിച്ചിട്ടുള്ളത്.
എ, ബി, സി, ഡി എന്നിങ്ങനെ വേർതിരിച്ചിട്ടുള്ള സോണുകളിൽ പ്രീമിയം, സ്റ്റാന്റേർഡ് മേഖലകളും റോഡരികിലുള്ളതും അല്ലാത്തതുമായ പാർക്കിങ് സ്ഥലങ്ങളും ഉൾപ്പെടും. ഈ സോണുകളിൽ രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും 6 ദിർഹം ഈടാക്കും. അവധിദിനങ്ങളിൽ ഈ നിരക്ക് ബാധകമല്ല. അതേസമയം രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയും രാത്രി എട്ടുമുതൽ രാത്രി 10വരെയും ഫീസിൽ മാറ്റമുണ്ടാകില്ല. സോൺ ‘ബി’യിലും ‘ഡി’യിലും ദിവസേന നിരക്ക് നിലവിലുണ്ടാകും. പ്രീമിയം പാർക്കിങ്ങിനുള്ള പ്രതിദിന നിരക്ക് സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ്.
റമദാനിൽ പൊതുപാർക്കിങ് സമയത്തിൽ മാറ്റം ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കൾമുതൽ ശനിവരെ രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് പെയ്ഡ് പാർക്കിങ് സമയം. ശേഷം ഇഫ്താറിനായി രണ്ട് മണിക്കൂർ സമയം സൗജന്യ പാർക്കിങ് അനുവദിക്കും. തുടർന്ന് രാത്രി എട്ടുമുതൽ 12 വരെ വീണ്ടും പണമടച്ചുള്ള പാർക്കിങ് ഉപയോഗിക്കാം. ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ് 24 മണിക്കൂറും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.