പ്രവാസി ബുക്ക് ട്രസ്റ്റ് സര്‍ഗ സമീക്ഷ പുരസ്കാരം വിതരണം ചെയ്തു

ദുബൈ: ഹൃദയത്തിന്‍െറ ആഴങ്ങളില്‍ നിന്നുള്ള വാക്കുകളാണ് വിദൂരദേശങ്ങളിലെ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഉണ്ടാക്കുന്നതെന്നും മാനവികതയാണ് അതിന്‍െറ അടിസ്ഥാനമെന്നും അറബ് കവയിത്രി ശൈഖ അബ്ദുല്ല ആല്‍ മുത്തൈരി പറഞ്ഞു.  പ്രവാസി ബുക്ക് ട്രസ്റ്റിന്‍െറ സര്‍ഗ സമീക്ഷ പുരസ്കാര സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 പുതിയ കാലവും പുതിയ ലോകവും അതിസങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് എഴുത്തുകാരന്‍െറ മുന്നില്‍ ഉയര്‍ത്തുന്നത്. ഈ വെല്ലുവിളികളെ സര്‍ഗാത്മകമായി പ്രതിരോധിക്കുമ്പോഴാണ് എഴുത്തും വായനയും അതിന്‍െറ ചരിത്ര ദൗത്യം നിറവേറ്റുന്നതെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു. 
ഭൂതകാലത്തെ വിസ്മരിച്ച് കൊണ്ട് ഒരു ജനതക്കും മുന്നേറാന്‍ കഴിയില്ല എന്ന ചരിത്ര പാഠത്തിന്‍െറ പ്രസക്തി  വര്‍ധിച്ചു ക്കൊണ്ടിരിക്കുകയാണെന്നും വര്‍ഗീയ വാദികള്‍ തെറ്റായ ദിശകളിലൂടെയാണ് ചരിത്രത്തെ വ്യഖ്യാനം ചെയ്യുന്നതെന്നും പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ ചരിത്രകാരനും ഇന്ത്യ: ഇരുളും വെളിച്ചവും എന്ന ഗ്രന്ഥത്തിന്‍െറ കര്‍ത്താവായ പി. ഹരീന്ദ്രനാഥ് പറഞ്ഞു. ഏക മുഖദേശീയത വാദമല്ല ബഹുസ്വരതയാണ് ഇന്ത്യന്‍ ജീവിതത്തിന്‍െറ അടിസ്ഥാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഹരീന്ദ്രനാഥിന് ജമാല്‍ കൊച്ചങ്ങാടി  പ്രശസ്തിപത്രവും എം.സി.എ നാസര്‍ പുരസ്കാര തുകയായ 25,000 രൂപയും സമ്മാനിച്ചു. പി. മണികണ്ഠന്‍ ( ലേഖനം), ഷെമി (നോവല്‍), സബീന എം സാലി ( ചെറുകഥ), രാജേഷ് ചിത്തിര (കവിത), ജോസ്ലറ്റ് ജോസ് (കഥ പ്രത്യേക പരാമര്‍ശം ) എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ശാലിനി സാരംഗിന്‍െറ മഷി പച്ച എന്ന കവിത സമാഹാരം പി. ഹരീന്ദ്രനാഥ് നാസര്‍ ബേപ്പൂരിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്നു നടന്ന ആദരണീയം പരിപാടിയില്‍ ലത്തീഫ് മമ്മിയൂര്‍ (സാഹിത്യം),പുന്നക്കന്‍ മുഹമ്മദലി (പ്രസാധനം), രാജന്‍ കൊളാവിപ്പാലം (സാമൂഹിക പ്രവര്‍ത്തനം) എന്നിവര്‍ക്ക് ഉപഹാരം നല്‍കി. റഫീഖ് മേമുണ്ട അധ്യക്ഷത വഹിച്ചു. ഇ.കെ. ദിനേശന്‍ സ്വാഗതവും രാകേഷ് വെങ്കിലാട്ട് നന്ദിയൂം പറഞ്ഞു. അവാര്‍ഡിന് അര്‍ഹമായ പുസ്തകങ്ങളെ കുറിച്ച് ഡയസ് ഇടിക്കുള, തോമസ് ചെറിയാന്‍, ശ്രീകല, സോണിയ ഷിനോയ്, അന്‍വര്‍ കെ.എം, ഷാജി ഹനീഫ് ,  വെള്ളിയോടന്‍, ബി.എ.നാസര്‍ എന്നിവര്‍ സംസാരിച്ചു.

.

 

Tags:    
News Summary - Paravasi Book Trust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.