ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ്
മുസൈബിഹ് ഹത്ത അതിർത്തിയിൽ സന്ദർശനം നടത്തുന്നു
ദുബൈ: എമിറേറ്റിലെ മലയോര അതിർത്തിപ്രദേശമായ ഹത്തയിലെ കസ്റ്റംസ് സെന്റർ 2022ൽ നിയമവിരുദ്ധമായി കൊണ്ടുവന്ന 538 വസ്തുക്കൾ പിടികൂടിയതായി അധികൃതർ വെളിപ്പെടുത്തി. സെന്ററിലൂടെ കഴിഞ്ഞവർഷം 87,400 ഇടപാടുകളാണ് പൂർത്തീകരിച്ചത്. അതിനൊപ്പം 78,600 കാർഗോ ട്രക്കുകളും 587,000 വാഹനങ്ങളും കൈകാര്യം ചെയ്തതും നേട്ടമാണ്. ഹത്തയിലെ അതിർത്തി ക്രോസിങ്ങിൽ ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസൈബിഹ് സന്ദർശനം നടത്തിയശേഷമാണ് കണക്കുകൾ വെളിപ്പെടുത്തിയത്.
പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ കസ്റ്റംസ് നടപടിക്രമങ്ങളും സാങ്കേതികവിദ്യകളും മികച്ച രീതിയിൽ വികസിപ്പിക്കാൻ ദുബൈ കസ്റ്റംസ് ശ്രമിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പമാണ് മുസൈബിഹ് കേന്ദ്രത്തിലെത്തിയത്. വ്യാപാരം സുഗമമാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും സെൻററിൽ ഉപയോഗിക്കുന്ന സ്മാർട്ട് സംവിധാനങ്ങൾ സംഘം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു. അപകടകരമായ വസ്തുക്കളുമായി എത്തുന്ന ട്രക്കുകളെ പരിശോധിക്കുന്നതിന് ‘സിയാജ് ബഗി’ എന്ന സംവിധാനം അധികൃതർ നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ അതിരഹസ്യമായി കൊണ്ടുപോകുന്ന കള്ളക്കടത്തുകളെ പിടികൂടാൻ കഴിയും. ഇതിന് ഇടുങ്ങിയ സ്ഥലങ്ങളിലൂടെ പോകാനും 30 മീറ്റർ പരിധിയിൽ ഉയർന്ന നിലവാരമുള്ള 360 ഡിഗ്രി ചിത്രങ്ങളും വിഡിയോകളും എടുക്കാനും കഴിയും. കൂടുതൽ ട്രക്ക് സ്കാനിങ് പരിശോധനാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നതായും ദുബൈ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
ദുബൈയിലേക്ക് വ്യാപാരവും ടൂറിസവും ഉദ്ദേശിച്ച് എത്തുന്നവർ കൂടുതലായി ഉപയോഗിക്കുന്ന അതിർത്തിയാണ് ഹത്തയിലേത്. ഒമാനിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്നതിനും ആളുകൾ ഈ അതിർത്തി ഉപയോഗപ്പെടുത്തുന്നു.
കോവിഡ് സമയത്ത് ഭക്ഷ്യചരക്കുകളുടെയും നിർമാണസാമഗ്രികളുടെയും പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ക്രോസിങ് പ്രധാന പങ്കുവഹിച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.