അബൂദബി: 14ാമത് ഭരത് മുരളി നാടകോത്സവത്തിൽ അരങ്ങേറിയ ഹസിം അമരവിളയുടെ ‘മാക്ബത് ദി ലാസ്റ്റ് ഷോ’ നൂതന പരീക്ഷണമായി. സോവിയറ്റ് സ്റ്റേഷൻ കടവിന് ശേഷം ഹസിം അമരവിള രചനയും സംവിധാനവും നിർവഹിച്ച ‘മാക്ബത് ദി ലാസ്റ്റ് ഷോ’ അൽഐൻ ക്രിയേറ്റീവ് ക്ലൗഡാണ് നാടകോത്സവത്തിലെ ഏഴാമത്തെ നാടകമായി രംഗത്തവതരിപ്പിച്ചത്. ‘മാക്ബത് ദ ലാസ്റ്റ് ഷോ’യിലൂടെ പ്രവാസലോകത്ത് നാടക പ്രവർത്തനങ്ങളെ നെഞ്ചോട് ചേർത്തുവെച്ച കുറച്ചുപേരുടെ ജീവിത കഥ വിശ്വവിഖ്യാതമായ മാക്ബത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു.
ജീവിതസന്ധാരണത്തിനിടയിൽ ഒരു നാടകം തട്ടകത്ത് കയറ്റുന്നതിനുവേണ്ടി നടത്തുന്ന ത്യാഗനിർഭരമായ പ്രവർത്തനങ്ങളും മുപ്പത്തഞ്ച് വർഷം ഒരേ നാടകം രംഗത്തവതരിപ്പിച്ച നടീനടന്മാരിൽ നിന്നും കഥാപാത്രങ്ങൾ വിട്ടൊഴിയാതെ പോവുകയും ജീവിതത്തിന്റെ താളം പോലും തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹസിം നാടകത്തിലൂടെ വരച്ചുകാണിക്കാൻ ശ്രമിച്ചത്.എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിട്ടുള്ള ‘മാക്ബത് ദ ലാസ്റ്റ് ഷോ’യിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഷറഫുദ്ദീൻ നേമം, ശ്രീജ ശ്രീനിവാസ്, സലിം ഹനീഫ, സിന്ധു ഷൈജു, അഷറഫ് ആലങ്കോട്, ശ്രീനിവാസ്, ജസ്റ്റിൻ, ശിവരാജ് എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. അനൂപ് പുനെ ദീപവിതാനവും രഞ്ജിത്ത് രംഗ സജ്ജീകരണവും നിയന്ത്രിച്ചു. സിന്ധു, ശ്രീജ(വസ്ത്രാലങ്കാരം), ക്ലിന്റ് പവിത്രൻ(ചമയം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. രാജ് മോഹൻ നീലേശ്വരം രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്യുന്ന 14ാമത് ഭരത് മുരളി നാടകോത്സവത്തിലെ ഒമ്പതാമത്തെ നാടകമായ ‘മോക്ഷം’ ജനുവരി 23ന് ദുബൈ ഒന്റാരിയോ തിയറ്റേഴ്സ് അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.