ദുബൈ: മലയാളത്തിലെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ഓർമ ‘സാഹിത്യോത്സവം 2025’നുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഫെബ്രുവരി 15, 16 തീയതികളിൽ ദുബൈ ഫോക്ലോർ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി. ഇളയിടം, പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, യുവ എഴുത്തുകാരി ജിൻഷ ഗംഗ എന്നിവർ പ്രധാന അതിഥികളായി പങ്കെടുക്കും.
മൂന്നു വേദികളിലായി 20ലേറെ വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാകും. യു.എ.ഇയിലെ വിവിധ സാഹിത്യ സാംസ്കാരികരംഗങ്ങളെ പ്രതിനിധാനം ചെയ്ത് 90ഓളം സംവാദകരും വിവിധ വേദികളിൽ എത്തും. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ സാഹിത്യോത്സവം ചർച്ച ചെയ്യും.
കുട്ടികൾക്കായി പ്രത്യേകം സാംസ്കാരിക വേദിയും സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 058 920 4233, 050 776 2201 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.