യു.എ.ഇ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന കേന്ദ്ര പ്രതിനിധിസംഘം ദുബൈ വിമാനത്താവളത്തിൽ
ദുബൈ: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടും വിശദീകരിക്കാൻ യു.എ.ഇയിലെത്തിയ കേന്ദ്ര പ്രതിനിധിസംഘം യു.എ.ഇ സന്ദർശനം പൂർത്തിയാക്കി മടങ്ങി. ദുബൈ വിമാനത്താവളം വഴി അടുത്ത സന്ദർശന കേന്ദ്രമായ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ശ്രീകാന്ത് ഏകനാഥ് ഷിൻഡെ എം.പിയുടെ നേതൃത്വത്തിൽ സംഘം മടങ്ങിയത്.
ദുബൈ വിമാനത്താവളത്തിലേക്ക് സംഘത്തെ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ അനുഗമിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി യു.എ.ഇയിൽ വിവിധ തലങ്ങളിൽ കൂടിക്കാഴ്ച നടത്തിയ സംഘം, ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് യു.എ.ഇയുടെ പിന്തുണ ഉറപ്പിക്കാൻ സന്ദർശനം ഉപകരിച്ചതായി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ബാൻസുരി സ്വരാജ് എം.പി, അതുൽ ഗാർഗ് എം.പി, സാംസിത് പാത്ര എം.പി, മനൻകുമാർ മിശ്ര എം.പി, മുൻ പാർലമെന്റ് അംഗം എസ്.എസ് അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ചിനോയ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങൾ. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും വിവിധ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. ഉഗാണ്ട വഴി വിവിധ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവയാണ് സംഘം അടുത്ത ദിവസങ്ങളിൽ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.