ഓപറേഷൻ സിന്ദൂർ: ഇന്ത്യൻ പ്രതിനിധി സംഘം നാളെ​ യു.എ.ഇയിൽ; സംഘത്തിൽ കേരളത്തിൽ നിന്ന്​ ഇ.ടി മുഹമ്മദ്​ ബഷീർ

ദുബൈ: ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘം ബുധനാഴ്ച യു.എ.ഇയിലെത്തും. സുപ്രധാന ദൗത്യത്തിനായുള്ള പ്രതിനിധി സംഘങ്ങളുടെ ആദ്യ സന്ദർശനമാണ്​ യു.എ.ഇയിലേക്ക്​ എത്തിച്ചേരുന്നതെന്ന്​ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ശിവസേന എം.പി ശ്രീകാന്ത്​ ഏകനാഥ്​ ഷിൻഡെ നയിക്കുന്ന സംഘത്തിൽ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, ബാൻസുരി സ്വരാജ്​ എം.പി, അതുൽ ഗാർഗ് എം.പി​, സാംസിത്​ പാത്ര എം.പി, മനൻകുമാർ മിശ്ര എം.പി, മുൻ പാർലമെന്‍റ്​ അംഗം എസ്​.എസ്​ അഹ്​ലുവാലിയ, മുൻ അംബാസിഡർ സുജൻ ചിനോയ്​ എന്നിവർ അംഗങ്ങളാണ്​. ഈ മാസം 24വരെയാണ്​ സംഘം യു.എ.ഇയിലുണ്ടാവുക.

ഭീകരതക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ഇന്ത്യ നടപ്പിലാക്കിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും നടപടികളും സംഘം യു.എ.ഇയിലെ നയതന്ത്ര തലങ്ങളിൽ വിശദീകരിക്കും. ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എം.പിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ എന്നിവർ 32 രാജ്യങ്ങളിലേക്കും ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ ആസ്ഥാനത്തേക്കുമാണ്​ സഞ്ചരിക്കുന്നത്​.

ഏഴ് സംഘങ്ങളാണ്​ ദൗത്യത്തിന്‍റെ ഭാഗമാകുന്നത്​. ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.

യു.എ.ഇയിലെത്തുന്ന സംഘത്തിന്‍റെ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. യു.എ.ഇ സന്ദർശന ശേഷം ഇതേ സംഘം ലൈബീരിയ, കോംഗോ, സിയോറ ലിയോൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.

Tags:    
News Summary - Operation Sindoor: Indian delegation to be in UAE tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.