ഒരുവർഷം മുമ്പ്​​ കത്തിനശിച്ച ഉമ്മു റമൂലിലെ വെയർഹൗസ് (ഫയൽ ചിത്രം) 

കാർഗോ സ്ഥാപനം കത്തിയെരിഞ്ഞിട്ട് ഒരുവർഷം: നഷ്​ടപരിഹാരം അകലെ

അജ്​മാൻ: കാര്‍ഗോ സ്ഥാപനത്തി​െൻറ വെയർഹൗസ് കത്തിയെരിഞ്ഞതോടെ ചാമ്പലായത് മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ സ്വപ്‌നങ്ങള്‍.

ഒരുവര്‍ഷം പിന്നിടുമ്പോഴും നഷ്​ടപരിഹാരം ലഭിക്കാതെ ഉപഭോക്​താക്കള്‍ ദുരിതത്തില്‍. ലക്ഷക്കണക്കിന്​ രൂപയുടെ സാധനങ്ങൾ അയച്ചവർക്കാണ്​ ഏറെ നഷ്​ടമുണ്ടായത്​. കമ്പനിയിൽനിന്ന്​ നഷ്​ടപരിഹാരം വാങ്ങിക്കൊടുക്കാൻ ബാധ്യസ്​ഥരായ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ മുൻകൈയെടുക്കാത്തതാണ്​ ഇവരുടെ ദുരിതം വർധിപ്പിക്കുന്നത്​.

കഴിഞ്ഞ വര്‍ഷം ജൂലൈ ആറിനാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളില്‍നിന്ന്​ ശേഖരിച്ച് സൂക്ഷിക്കുന്ന റൂബി കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസ് കത്തിയമർന്നത്. ഉച്ച​ 2.30ന്​ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്​നിശമന സേനയും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേക്ക് അയക്കാൻ ഇവിടെ ഏൽപിച്ച വിലപിടിപ്പുള്ള സാധനങ്ങൾ കത്തിനശിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്​ഥാപനം. കോവിഡ് കാലത്ത് ജോലി നഷ്​ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് മടങ്ങുന്നവരുടേതായിരുന്നു അധിക സാധനങ്ങളും. നാട്ടിലേക്ക് മടങ്ങുന്ന പലരും തങ്ങളുടെ സാധനങ്ങൾ ഭൂരിഭാഗവും കാർഗോ കമ്പനിയെ ഏൽപിച്ച് കുറഞ്ഞ ലഗേജുമായാണ് വിമാനം കയറിയത്. വെയർഹൗസ് അഗ്​നിക്കിരയായതും തങ്ങളുടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായതും ഇടപാടുകാരെ അറിയിക്കുന്നതില്‍ കമ്പനി അധികൃതര്‍ വിമുഖത കാണിച്ചിരുന്നു.

തങ്ങളുടെ സാധനങ്ങൾ എവിടെ എന്ന് ഇടപാടുകാര്‍ വിളിച്ച് അന്വേഷിച്ചപ്പോൾ മാത്രമാണ് വെയർ ഹൗസിന്​ തീപിടിച്ചകാര്യം ജീവനക്കാർ അറിയിക്കുന്നത്. വര്‍ഷങ്ങള്‍ ജോലിചെയ്ത് സമ്പാദിച്ച വിലപിടിപ്പുള്ള സാധനങ്ങള്‍, ഔദ്യോഗിക രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി വിലമതിക്കാനാകാത്ത സാധനങ്ങളാണ് പ്രവാസികള്‍ക്ക് നഷ്​ടമായത്. ഒരുവര്‍ഷം പിന്നിടുമ്പോഴും ഇരകള്‍ക്ക് ഇതുവരെ നീതി ലഭ്യമായിട്ടില്ല.

കാര്‍ഗോ കമ്പനി കത്തിയതിലൂടെ നഷ്​ടം സംഭവിച്ച എണ്‍പതോളം പേർ ചേര്‍ന്ന് കൂട്ടായ്മ രൂപവത്​കരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, നോർക്ക എന്നീ കേന്ദ്രങ്ങൾക്ക്​ ആഗസ്​റ്റിൽതന്നെ പരാതി സമർപ്പിച്ചിരുന്നു. ഒരുവർഷം കഴിയാറായിട്ടും മറുപടിയോ തുടർനടപടിയോ ഉണ്ടാവാതിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ജനുവരിയിൽ ഈ കൂട്ടായ്മയിലെ പതിനഞ്ചോളം പേർ കേരള ഹൈകോടതിയെ സമീപിച്ചു.

ഈ വിഷയത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് യു.എ.ഇ അംബാസഡർ, എംബസി, കോൺ​സുലേറ്റ്​ എന്നിവരോട് കേരള ഹൈകോടതി ആരാഞ്ഞിരുന്നു. ഇരകളെ സഹായിക്കാൻ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

കമ്പനിയുടെ പ്രതിനിധിയെ 2020 സെപ്റ്റംബറില്‍ എംബസിയിലേക്ക് വിളിപ്പിച്ചിരുന്നതായും ഇരകള്‍ക്കുള്ള നഷ്​ടപരിഹാരം ഭൂരിഭാഗവും തീർപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയിലെ ഓഫിസിലേക്ക് സമീപിക്കാമെന്നും ചർച്ചക്കിടെ കമ്പനി പ്രതിനിധി അധികൃതരെ അറിയിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നഷ്​ടപരിഹാരം നല്‍കിത്തുടങ്ങിയെന്ന കമ്പനിയുടമയുടെ അവകാശവാദം അധികൃതരെ തെറ്റിദ്ധരിപ്പിക്കലായിരുന്നെന്ന്​ ഹൈകോടതിയെ സമീപിച്ച ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രവാസലോകത്തെ ജീവിതകാല സമ്പാദ്യം മുഴുവന്‍ നഷ്​ടപ്പെട്ട തങ്ങള്‍ക്ക് നീതി ലഭ്യമാകണം എന്നാണ്​ ഇവര്‍ ആവശ്യപ്പെടുന്നത്. ഒരുവര്‍ഷം പിന്നിടുമ്പോഴും അയച്ച സാധനങ്ങള്‍ പോയിട്ട് അയക്കാന്‍ നല്‍കിയ പണം പലര്‍ക്കും തിരിച്ചുനല്‍കാന്‍പോലും കമ്പനി തയാറായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഏകദേശം 25 കോടിയിലേറെ രൂപയുടെ മൂല്യത്തി​െൻറ നഷ്​ടമാണ് കൂട്ടായ്മയിലെ അംഗങ്ങൾക്കുമാത്രം സംഭവിച്ചതായി കണക്കാക്കുന്നത്.

ഇത്രയേറെ പ്രവാസികളെ ബാധിച്ച വിഷയത്തില്‍ പരാതി ലഭിച്ചശേഷവും ഇരകളുമായി ബന്ധപ്പെടാനോ സംസാരിക്കാനോ എംബസിയോ കോണ്‍സുലേറ്റോ ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നും ഇപ്പോള്‍ കാര്‍ഗോ കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഒരു മറുപടിയും ലഭിക്കുന്നില്ലെന്നും ഇരകളിലൊരാളായ പാലക്കാട് സ്വദേശി സന്തോഷ്‌ കുമാർ പറയുന്നു.

Tags:    
News Summary - One year after cargo burning: Compensation far away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.