ശൈഖ് അഹമ്മദിന്‍റെ മാനുഷിക സേവനങ്ങളെ ആദരിക്കുന്നതിനായി ഗസ്സയിലേക്ക് ഒരുകോടി ഭക്ഷണപ്പൊതികൾ
ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ മാനുഷിക സേവനങ്ങളെ ആദരിക്കുന്നതിനായി ഗസ്സയിലെ ജനങ്ങൾക്ക് ഒരു കോടി ഭക്ഷണപ്പൊതികൾ ഒരുക്കാൻ യു.എ.ഇ സമൂഹം ഒരുങ്ങുന്നു. ‘അഹമ്മദ് ബിൻ റാശിദ് ഹ്യൂമാനിറ്റേറിയൻ ബ്രിഡ്ജ്’ എന്ന പേരിൽ സെപ്റ്റംബർ 26ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് ഈ ബൃഹത്തായ സന്നദ്ധ സംരംഭം സംഘടിപ്പിക്കുന്നത്.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ, ‘ഓപറേഷൻ നോബിൾ നൈറ്റ് 3’ യുമായി സഹകരിച്ചാണ് ഈ പരിപാടി ഒരുക്കുന്നത്. യു.എ.ഇയിലെ സന്നദ്ധപ്രവർത്തകരും സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളും ചേർന്നാണ് ഗസ്സയിലെ പാവപ്പെട്ട കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഭക്ഷണസാധനങ്ങൾ പാക്ക് ചെയ്ത് സജ്ജമാക്കുന്നത്.
അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നാമം എപ്പോഴും എളിമ, കാരുണ്യം, ഉദാരമനസ്കത എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. ഈ വലിയ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും തിരിച്ചുനൽകുകയാണെന്ന് അൽ ഗർഗാവി വ്യക്തമാക്കി.
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കുന്നതിനൊപ്പം, സമൂഹത്തിൽ സന്നദ്ധപ്രവർത്തനവും ഐക്യദാർഢ്യവും വളർത്തുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. യു.എ.ഇ സമൂഹത്തിന്‍റെ തനതായ കാരുണ്യ മൂല്യങ്ങളെയും നന്മ ചെയ്യാനുള്ള സന്നദ്ധതയെയും വിളിച്ചോതുന്നതാണ് ഈ കൂട്ടായ്മ. പാവപ്പെട്ടവരെ സഹായിക്കാനും പൊതുനന്മക്കും മുന്നിൽനിന്ന വ്യക്തിത്വമായിരുന്നു ശൈഖ് അഹമ്മദ് ബിൻ റാശിദ്. ദുരിതമനുഭവിക്കുന്ന സഹജീവികളെ ചേർത്തുനിർത്താനും അവർക്ക് താങ്ങാവാനും യു.എ.ഇ എന്നും മുന്നിലുണ്ടാകുമെന്ന സന്ദേശമാണ് ഈ സംരംഭത്തിലൂടെ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.