വൺ ബില്യൺ മീൽസ് ടവറിന്റെ രൂപരേഖ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിലയിരുത്തുന്നു
ദുബൈ: വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ് ടവറിന്റെ രൂപരേഖ വിലയിരുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ശൈഖ് സായിദ് റോഡിലാണ് 80 കോടി ദിർഹം ചെലവിൽ ടവർ നിർമിക്കുന്നത്. ലോകത്തെമ്പാടുമുള്ള നിരാലംബരായ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടവറിന്റെ നിർമാണം. വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ് ടവറിന്റെ രൂപരേഖയായിവൺ ബില്യൺ മീൽസ് എൻഡോവ്മെന്റ് ടവറിന്റെ രൂപരേഖയായിടവറിന്റെ രൂപരേഖ വിലയിരുത്തിയശേഷം മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ് (എം.ബി.ആർ.ജി.ഐ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖർഗാവി, വാസൽ അസറ്റ് മാനേജ്മെന്റ് ഗ്രൂപ് സി.ഇ.ഒ ഹിഷാം അൽ ഖാസിം എന്നിവരുമായി ചർച്ച നടത്തി. വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ് ബോർഡ് ഓഫ് ട്രസ്റ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ എം.ബി.ആർ.ജി.ഐക്കു കീഴിലുള്ള നിക്ഷേപ ആശയങ്ങളും പദ്ധതികളും ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു.
‘യു.എ.ഇ ജനങ്ങളുടെ പേരിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നൂറുവർഷത്തിലധികം നീണ്ടു നിൽക്കണമെന്നാണ് ആഗ്രഹം. ലോകത്തെല്ലായിടത്തുമുള്ള പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽനിന്ന് സംരക്ഷണം നൽകുന്നതിനാണ് എല്ലാ സംഭാവനകളും ഉപയോഗപ്പെടുത്തുന്നത്. എൻഡോവ്മെന്റ് ആസ്തി വളർച്ചയിൽ പ്രധാനപ്പെട്ട ഒരു ചവിട്ടുപടിയാണ് പുതിയ പദ്ധതി’ -ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ നിന്ന് ഉരുത്തിരിയുന്ന പുതിയ മാതൃകകൾ സൃഷ്ടിച്ച് സുസ്ഥിരമായ ജീവകാരുണ്യപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം തുടർന്നു.
വാസൽ പ്രോപ്പർട്ടീസ് വികസിപ്പിക്കുന്ന വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ് ടവർ അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിക്കുക. കഴിഞ്ഞ റമദാനിലാണ് ശൈഖ് മുഹമ്മദ് വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ് സംരംഭത്തിന് തുടക്കമിട്ടത്. തുടർന്ന് മികച്ച പ്രതികരണവും ഇതിന് ലഭിച്ചു. റമദാനിന്റെ അവസാനത്തോടെ 1.75 കോടി ദിർഹം സമാഹരിക്കാൻ സംരംഭത്തിന് സാധിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ആസ്തികൾ, ഓഹരികൾ, മറ്റു പണമായുള്ള സംഭാവനകളിലൂടെയാണ് തുക സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.