??????????? ???????????????? ???????????

പ്രവാസ ലോകം ഓണാഘോഷത്തി​െൻറ തിരക്കിലേക്ക്

ഷാര്‍ജ:  മലയാളിയുടെ മുറ്റത്ത് പൂക്കളം ഒരുങ്ങാന്‍ തുടങ്ങുന്ന അത്തം വെള്ളിയാഴ്ച. പൂവട്ടി കൈകളിലേന്തി പൂവേ പൊലി ചൊല്ലി പൂവിറുക്കാന്‍ പറമ്പും പാടവും കുന്നിന്‍ ചെരുവുകളും ഇല്ലെങ്കിലും പ്രവാസ മലയാളം അത്തത്തെ വരവേല്‍ക്കുന്നത് പൂക്കളുമായി തന്നെ. തമിഴ്നാട്ടില്‍ നിന്ന് പൂക്കളം ഒരുക്കാനുള്ള പ്രത്യേക പൂക്കള്‍ എത്തി തുടങ്ങി.   അത്തം നാളില്‍ ഒരുനിര പൂവ് മാത്രമെ പാടുള്ളുവെന്നും ചുവന്ന പൂക്കളിടാന്‍ പാടില്ല എന്ന വിശ്വാസവും മലയാളികള്‍ക്കിടയിലുണ്ട്. 

കളത്തിലിടാനുള്ള പൂക്കള്‍ക്കും തരം തിരിവുണ്ട്. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. പൂക്കളത്തി​​​െൻറ രീതി ശാസ്ത്രം ഇതാണ്. അത് കൊണ്ട് തന്നെ കളത്തിലിടാനുള്ള പൂക്കളുടെ വരവിലും ഇത് പ്രകടമാണെന്ന് ഷാര്‍ജയില്‍ വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തമിഴ്നാട് സ്വദേശികള്‍ പറഞ്ഞു. 

ഷാര്‍ജ റോള പോസ്റ്റോപീസിന് സമീപത്തുള്ള ഇവരുടെ  സ്ഥാപനത്തില്‍ ഓണത്തിനുള്ള പൂക്കള്‍ നിറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് ഓണപൂക്കള്‍ എത്തുന്നത്. 
തെച്ചി, പിച്ചകം, ചെണ്ടുമല്ലി, വാടാര്‍മല്ലി തുടങ്ങിയ പൂക്കള്‍ ഇവരുടെ സ്ഥാപനത്തിലുണ്ട്. 40 ദിര്‍ഹമാണ് കിലോക്ക്. രണ്ട് ദിര്‍ഹം നിരക്കില്‍ ചെറിയ പാക്കറ്റുകളിലും ലഭിക്കും. ബര്‍ദുബൈയിലെ അമ്പല നടയിലെ കടകളിലും പൂക്കളെത്തിയിട്ടുണ്ട്. 

പൂജക്കും പൂക്കളത്തിനുമുള്ള പ്രത്യേകയിനം പൂക്കള്‍ ഇവിടെയുണ്ട്. മുറ്റമില്ലെങ്കിലും കളം വരക്കാന്‍ ചാണകമില്ലെങ്കിലും പ്രവാസി തന്‍െറ വാതില്‍ പടിയില്‍ അത്തം മുതല്‍ പൂക്കളം ഒരുക്കും. അയല്‍ക്കാരായ അറബികള്‍ക്ക് പ്രത്യേക ഇഷ്​ടമാണ് ഈ പൂക്കളങ്ങള്‍. അത്തം മുതല്‍ തന്നെ പ്രവാസത്തി​​​െൻറ ഓണചമയങ്ങള്‍ ആരംഭിക്കുകയാണ്.  നാട്ടില്‍ അത്തച്ചമയവും വിനായ ചതുര്‍ഥി ആഘോഷങ്ങള്‍ ഈ ദിവസം നടക്കുമ്പോള്‍ പ്രവാസം തിരുവോണത്തിന്‍െറ പകിട്ടിലാണെന്ന് വേണം പറയാന്‍. കാരണം മലയാളിയുടെ ഓണഘോഷങ്ങള്‍ക്ക് കാലഭേദങ്ങളില്ല. 

തുലാം മാസത്തിലും ഇവിടെ ഓണഘോഷങ്ങള്‍ തന്നെ. ഓണമെത്തുന്ന സെപ്തംബര്‍ മാസം യു.എ.ഇയില്‍ ഇന്ത്യന്‍ പൂക്കളാല്‍ നിരത്തുകള്‍ വര്‍ണമണിയുന്ന കാലവുമാണ്. നിത്യകല്യാണിയും നന്ത്യാര്‍വട്ടവുമാണ് ഇപ്പോള്‍ പൂത്ത് നില്‍ക്കുന്നത്. ചെണ്ടുമല്ലിയാണ് അടുത്തതായി നിരത്തുകളില്‍ എത്തുക. എല്ലാം ഇന്ത്യയില്‍ നിന്ന് വരുന്നവ തന്നെ. ഈഴചെമ്പകമെന്നും അലറിപ്പാല എന്നും അറിയപ്പെടുന്ന ചെടികളും യു.എ.ഇ നിരത്തുകളില്‍ വെയിലിനെ കൂസാതെ പൂത്ത് നില്‍ക്കുന്നുണ്ട്.  

Tags:    
News Summary - onam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.