ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ചരിത്രം മാറ്റിയെഴുതപ്പെടുന്ന കാലത്ത് ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് (ഒ.എൽ.എഫ്) പോലുള്ള സാംസ്കാരിക വേദികൾക്കും സാഹിത്യ സംവാദങ്ങൾക്കും നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് മുൻ മന്ത്രിയും എം.പിയുമായിരുന്ന പി.കെ. ശ്രീമതി. പ്രവാസലോകത്തെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്കാരികോത്സവം ‘ഓർമ ലിറ്ററേച്ചർ ഫെസ്റ്റി’ന്റെ മൂന്നാം പതിപ്പ് (ഒ.എൽ.എഫ് 2026) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഓർമകൾ മായ്ച്ചു കളയപ്പെടുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പുതുതലമുറ കാട്ടുന്ന ജാഗ്രതയുടെ അടയാളമാണ് ‘ഓർമ’യുടെ ഈ സാഹിത്യോത്സവം എന്ന് മുഖ്യാതിഥിയായ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 13ന് രാത്രി ഒമ്പത് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. 14, 15 തീയതികളിലായി നടക്കുന്ന സാഹിത്യ ചർച്ചകൾ, സാംസ്കാരിക സംവാദങ്ങൾ എന്നിവയിൽ എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ, കവി മ്യൂസ് മേരി ജോർജ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ അതിഥികളാവും. കൂടാതെ, യു.എ.ഇയിൽനിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ കുഞ്ഞഹമ്മദ്, ഒ.എൽ.എഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ഓർമ സാഹിത്യ വിഭാഗം കൺവീനർ അംബുജം സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഓർമ സെക്രട്ടറി കാവ്യ സനത് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.