വേനൽച്ചൂടിനിടെ ആശ്വാസപ്പെയ്ത്ത്; യു.എ.ഇയുടെ കിഴക്കൻ മേഖലകളിൽ സീസണിലെ ആദ്യ വേനൽക്കാല മഴ

ഫുജൈറ: കടുത്ത വേനൽച്ചൂടിന്​ ആശ്വാസമായി യു.എ.ഇയുടെ കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച മഴ പെയ്തു. ഖോർഫക്കാൻ റോഡിലും ഫുജൈറയിലേക്കുള്ള ശൈഖ്​ ഖലീഫ റോഡിന് സമീപമുള്ള പ്രദേശങ്ങളിലും നേരിയതോതിൽ തുടങ്ങി മിതമായ തോതിൽ വരെ മഴ രേഖപ്പെടുത്തി. ഈ സീസണിൽ രാജ്യത്ത്​ ലഭിക്കുന്ന ആദ്യ വേനൽക്കാല മഴയാണിത്.

വരും ദിവസങ്ങളിൽ രാജ്യത്ത് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് വേനൽ മഴ പെയ്തത്. കിഴക്കൻ മേഖലയിലെ മലയോര പാതകളിൽ മഴ പെയ്യുന്നതിന്‍റെയും, മലനിരകളിലും വാദികളിലും (താഴ്‌വരകൾ) പ്രത്യക്ഷപ്പെട്ട താൽക്കാലിക വെള്ളച്ചാട്ടങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൂടിൽ നിന്ന് ആശ്വാസം നൽകിയ തണുത്ത കാലാവസ്ഥ ആസ്വദിക്കാനും, വെള്ളച്ചാട്ടങ്ങളുടെ മനോഹര ദൃശ്യങ്ങൾ കാമറയിൽ പകർത്താനും നിരവധി താമസക്കാരും സന്ദർശകരും ഈ പാതകളിൽ ഒത്തുകൂടി.

യു.എ.ഇയുടെ കിഴക്കൻ മലനിരകളിൽ വേനൽക്കാലത്ത് വല്ലപ്പോഴും മഴ ലഭിക്കാറുണ്ട്​. എങ്കിലും, രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങുന്നതിനിടയിൽ ജൂൺ പകുതിയോടെ ഇത്തരത്തിൽ മഴ പെയ്യുന്നതും വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നതും അപൂർവ കാഴ്ചയാണ്. ചൂടുള്ള മാസങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാൻ കൂടുതൽ സാധ്യതയുള്ള കിഴക്കൻ, മലയോര മേഖലകളിൽ മാത്രമായാണ് ഈ മഴ ഒതുങ്ങിനിന്നത്.

Tags:    
News Summary - Relief from the summer heat; First summer rain of the season in the eastern regions of the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.